പൊതുസ്ഥലത്ത് നടിമാർക്ക് പല മോശം അനുഭവങ്ങളും ഉണ്ടാകാറുണ്ട്. നടി ആദ ശർമയ്ക്കും അടുത്തിടെ വളരെ മോശം അനുഭവം ഉണ്ടായി. മുംബൈ വിമാനത്താവളത്തിൽവച്ചാണ് നടിയോട് 30 വയസ്സുകാരനായ യുവാവ് മോശമായി പെരുമാറിയത്. തന്നെ ചുംബിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. പറ്റില്ലെന്നു പറഞ്ഞ ആദ ശർമയ്ക്കുനേരെ യുവാവ് ക്ഷോഭിക്കുകയും ചെയ്തതായി താരം ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”30 വയസ്സുകാരനായ വിവാഹിതനായ യുവാവ് പൊതുസ്ഥലത്ത് വച്ച് അയാളെ ചുംബിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അയാളുടെ ധിക്കാരമായ പ്രവൃത്തിയിൽ ഞാൻ ഞെട്ടിപ്പോയി. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചത് എന്നെ അതിശയപ്പെടുത്തി, എന്തുകൊണ്ട്? കമാൻഡോ 2 ചിത്രത്തിൽ ചുംബിച്ചില്ലേ? ഹാർട്ട് അറ്റാക്ക് ചിത്രത്തിൽ മണിക്കൂറോളം ചുംബിച്ചില്ലേ? എന്നെ നിങ്ങളുടെ സഹോദരനായോ അച്ഛനായോ കാണൂ. അതിലെന്താണ് വലിയ കാര്യം? എന്റെ കവിളിൽ ഉമ്മ വയ്ക്കാനാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടത്” ഇതായിരുന്നു യുവാവ് ആദ ശർമയോട് ചോദിച്ചത്.

യുവാവിന്റെ ആവശ്യം ആദ ശർമ നിരാകരിച്ചതിനുപിന്നാലെ താരത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാവ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തു. യുവാവിനെ പിന്തുണച്ച് ചിലർ രംഗത്തെത്തി. ആദ ശർമയെ ചിലർ പുരുഷ വിരോധി എന്നു വിളിക്കുകയും ചെയ്തു. അധിക്ഷേപങ്ങൾ കൂടിയതോടെ യുവാവിന് ആദ ശർമ ട്വിറ്ററിലൂടെ ചുട്ട മറുപടിയും നൽകി.

”ഒരു ചുംബനം എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. പക്ഷേ അത് വലിയ കാര്യമാണോ ചെറിയ കാര്യമാണോ എന്നു തീരുമാനിക്കാൻ നിങ്ങൾ ആരാണ്. ആരെയാണ് ചുംബിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. എന്നെ ആദ്യമായി കാണുന്ന ഒരു യുവാവ് അയാളുടെ ശരീരത്തിന്റെ ഏതു ഭാഗത്തിലുമാവട്ടെ എന്നോട് തുടർച്ചയായി ചുംബനം ആവശ്യപ്പെട്ടാൽ അവനെ തല്ലുകയോ ചവിട്ടുകയോ ആണ് വേണ്ടത്. നിങ്ങളുടെ ശരീരത്തിലെ അവയവത്തിന് കേടുപാടുകൾ പറ്റാത്തത് നിങ്ങളുടെ ഭാഗ്യം കൊണ്ടാണ്”.

”കമാൻഡോ 2 വിൽ ഭാവന റെഡ്ഡി എന്ന കഥാപാത്രം പൊതു സ്ഥലത്ത് വച്ച് ചുംബിക്കുന്നുണ്ട്. ഹാർട്ട് അറ്റാക്കിൽ ഹയാത്തി ചുംബിക്കുന്നുണ്ട്. പക്ഷേ ഞാൻ അവരൊന്നുമല്ല, ആദ ശർമയാണ്. എന്റെ കഥാപാത്രങ്ങൾക്കുവേണ്ടിയാണ് ഞാനത് ചെയ്തത്. യഥാർഥ ജീവിതത്തിൽ എന്റെ പ്രതികരണവും വസ്ത്രധാരണവും ജീവിതരീതിയും വ്യത്യസ്തമാണ്. ഞാൻ പുരുഷ വിരോധിയല്ല. എന്റെ അച്ഛൻ, മുത്തച്ഛൻ, സുഹൃത്തുക്കൾ, സംവിധായകർ, കൂടെ അഭിനയിച്ച നടന്മാർ തുടങ്ങി അദ്ഭുതകരമായ ചില പുരുഷന്മാർ എന്റെ ജീവിതത്തിലുമുണ്ട്”.

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിൽ ആദ ശർമ അഭിനയിച്ചിട്ടുണ്ട്. കമാൻഡോ 2 വാണ് ആദ ശർമയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ