വെബ് സീരിസുകളുടെ കാലമാണ് ഇപ്പോൾ. പ്രമേയത്തിലും ട്രീറ്റ്മെന്റിലും സാങ്കേതിക തികവിലും സിനിമയെ വെല്ലുന്ന നിരവധി വെബ് സീരിസുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സ്ട്രീമിംഗ് രംഗത്തെ അതികായന്മാരായ ആമസോൺ പ്രൈം പ്രതിനിധികൾ ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങും സിനിമയെ വെല്ലുന്ന ഒരു വെബ് സീരിസിനെയാണ് പരിചയപ്പെടുത്തിയത്.
ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസിൽ നിന്നുള്ള ‘ഫാമിലി മാൻ’ എന്ന വെബ് സീരിസിന്റെ ആദ്യരണ്ടു എപ്പിസോഡുകളുടെ പ്രദർശനം ബുധനാഴ്ച വൈകിട്ട് തൃപ്പൂണിത്തുറ ജെടി പാക്കിൽ നടന്നു. മനോജ് ബാജ്പേയ് കേന്ദ്രകഥാപാത്രമായെത്തുന്ന വെബ് സീരിസിൽ മലയാളത്തിൽ നിന്നും നീരജ് മാധവ്, പ്രിയാമണി, ദിനേശ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതാദ്യമായാണ് കേരളത്തിൽ ആമസോൺ പ്രൈം ഒരു വെബ്സീരിസിന്റെ പ്രദർശനത്തിന് എത്തുന്നത്.
ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിലെ കുടുംബനാഥനും അതേ സമയം എൻ ഐ എയിലെ ഉദ്യോഗസ്ഥനുമായി സേവനം അനുഷ്ഠിക്കുന്ന ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തെയാണ് മനോജ് ബാജ്പേയി അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സീരിസിൽ മനോജ് ബാജ്പേയുടെ ഭാര്യയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്. മൂസ എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്. ‘ഫാമിലി മാനി’ലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നീരജ് മാധവ്. ‘ഗോ ഗോവ ഗോണ്‍’ സംവിധാനം ചെയ്ത രാജ് ഡികെയാണ് ‘ഫാമിലി മാനി’ന്റെ സംവിധായകൻ.
10 എപ്പിസോഡുകളുള്ള വെബ് സീരിസിന്റെ ആദ്യ രണ്ടു എപ്പിസോഡുകളുടെ പ്രദർശനമാണ് ഇന്നലെ കൊച്ചിയിൽ നടന്നത്. സെപ്റ്റംബർ 20 മുതൽ ആമസോണ്‍ പ്രൈമിലൂടെ ‘ഫാമിലി മാൻ’ പ്രേക്ഷകരിലേക്ക് എത്തും. ‘ഫാമിലി മാന്റെ’ ആദ്യ പ്രദർശനത്തിന് സാക്ഷിയാവാൻ സിനിമാരംഗത്തു നിന്നും ടൊവിനോ തോമസ്, സംവിധായകരായ ലാൽ ജോസ്, അനിൽ രാധാകൃഷ്ണമേനോൻ, രമേഷ് പിഷാരടി, സിദ്ദാർത്ഥ് ഭരതൻ, ആൻ ശീതൾ, രചന നാരായണൻ കുട്ടി നിരവധിപേർ എത്തിയിരുന്നു.



Read more: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ





Read more: ഇന്ദിര ഗാന്ധിയായി വിദ്യയുടെ വെബ് സീരിസ് അരങ്ങേറ്റം; ഒരുക്കുന്നത് ലഞ്ച് ബോക്‌സ് സംവിധായകന്‍
.