ആലപ്പുഴ: നവ മാധ്യമങ്ങളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഫഹദ് ഫാസിലിനെ ബന്ധപ്പെടുത്തി നടക്കുന്ന വ്യാജ പ്രചാരണത്തിൽ ആരും വീണ് പോകരുതെന്ന മുന്നറിയിപ്പുമായി പിതാവും സംവിധായകനുമായ ഫാസിൽ രംഗത്ത്. വ്യാജ പ്രചരണത്തിനെതിരെ ഫാസിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ പരസ്യം ചെയ്തും ഫെയ്‌സ് ബുക്കിൽ പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയിട്ടുള്ളത്. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിൽ ഫഹദിന്റെ ചെറുപ്പകാലം അഭിനയിക്കാൻ രൂപസാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നു വെന്നാണ് ചിത്രം ഉൾപ്പെടെയുള്ള സന്ദേശത്തിൽ പറയുന്നത്. ഒരു വാട്ട്സാപ്പ് നമ്പറും നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു സിനിമയെപ്പറ്റി ഫഹദിന് യാതൊരു അറിവുമില്ലെന്ന് ഫാസിൽ നൽകിയ പരാതിയിൽ പറയുന്നു.

‘വാട്ടസ്ആപ്പിലൂടെ വന്ന സന്ദേശം ആദ്യം കണ്ടപ്പോൾ അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി ഇറങ്ങുന്ന സിനിമക്ക് വേണ്ടിയോ ഫഹദിന്റേതായി ഇറങ്ങുന്ന തമിഴ് സിനിമക്ക് വേണ്ടിയോ ആണ് പരസ്യമെന്നാണ് കരുതിയതെന്ന് ഫാസിൽ ഐഇ മലയോളത്തിനോട് പറഞ്ഞു. ‘എന്നാൽ ഇക്കാര്യം ഫഹദിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇത് വ്യജ പ്രചാരണമാണെന്ന് മനസിലായത്. പരസ്യത്തിൽ നൽകിയിരിക്കുന്ന വാട്ട്സാപ്പ് നന്പറിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണം ഉണ്ടായില്ല. ട്രൂ കോളർ വഴി നമ്പറിന്റെ ഉടമയെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ അത് മറ്റൊരു ഫഹദിന്റെ നന്പർ ആണെന്നു കണ്ടെത്തി. സിനിമാ മോഹമുള്ള കുട്ടികളെ കെണിയിലാക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്ന് സംശയമുണ്ടായതിനാലാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുക എന്നതിനേക്കാൾ പ്രാധാന്യം ആരു ഇവരുടെ വഞ്ചനയിൽ പെടാതിരിക്കുക എന്നതിനാണ്’ ഫാസിൽ ഐഇ മാലയാളത്തോട് വിശദീകരിച്ചു.

വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിക്കാൻ അവസരം ഒരുക്കിയും ഡയറക്ടറെയും നിർമ്മാതാവിനെയും ആവശ്യപ്പെട്ടും വൻ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഒരു മുന്നറിയിപ്പായ ഫാസിൽ പരാതി നൽകിയിട്ടുള്ളത്.

ഫാസിലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഎം മുഹമ്മദ് റഫീഖ് ഐപിഎസ് ഐഇ മലയാളത്തോട് സ്ഥിരീകരിച്ചു. പരസ്യത്തിൽ നൽകിയ നന്പർ എടുക്കാൻ നൽകിയ ഐഡി പ്രൂഫിലെ അഡ്രസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ അഡ്രസിലുള്ളവർർ രണ്ട് വർഷം മുൻപ് ഇവിടെ നിന്ന് താമസം മാറി പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് മേധാവി അറിയിച്ചു.

Also Read: നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായി, എന്നെ നേർവഴിക്ക് നടത്താൻ അവൾക്കു കഴിഞ്ഞു: ഫഹദ് ഫാസിൽ

അതേസമയം, ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്ന് നടന്‍ ഫഹദ് ഫാസിലും പൊലീസിന് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി സജീവമാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരെ ഈ അക്കൗണ്ട് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫഹദ് പരാതിയില്‍ ബോധിപ്പിക്കുന്നു.thondimuthalum driksakshyiyum

റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നിവയാണ് അടുത്തതായി ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. റാഫി തന്നെ തിരക്കഥയൊരുക്കുന്ന റോള്‍ മോഡല്‍സില്‍ ഫഹദിന് പുറമേ വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ദൃക്‌സാക്ഷിയും തൊണ്ടിമുതലി’ല്‍ സുരാജ് വെഞ്ഞാറമ്മൂടാണ് ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെവുമായി ഫഹദിനൊപ്പം എത്തുന്നത്. രാജീവ് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.

കൂടാതെ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രവും രണ്ട് തമിഴ് സിനിമകളും ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook