മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാവന ചിത്രമാണ് 99. തൃഷ, വിജയ് സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ 96 ന്റെ കന്നട റീമേക്കാണ് 99. ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. സ്‌കൂള്‍ പ്രണയം ഇതിവൃത്തമാക്കിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച കഥാപാത്രത്തെയാണ് 99നില്‍ ഭാവന അവതരിപ്പിക്കുന്നത്. ഈ അവസരത്തില്‍ ഭാവനയ്ക്ക് സംസാരിക്കാനുള്ളതും പ്രണയത്തെ കുറിച്ചു തന്നെ.

പ്രായം കുടുംതോറും പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറിയെന്നാണ് ഭാവന പറയുന്നത്.

’20 വയസ്സിലെ എന്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പ്പവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണ്. പ്രണയം മാത്രമല്ല ജീവിതത്തിലെ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ടാകും. ബന്ധങ്ങളില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. അത് അവസാനിക്കുമ്പോള്‍ അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. പിന്നെ മറ്റൊരാളെ കണ്ടുമുട്ടും അയാളെ വിവാഹം കഴിച്ച് ജീവിക്കും. എങ്കില്‍ തന്നേയും നഷ്ടപ്രണയങ്ങള്‍ വളരെ മനോഹരമായ അനുഭവങ്ങളാണ്. അതൊന്നുമില്ലാതെ ജീവിതത്തില്‍ ഒരു രസവുമുണ്ടാകില്ല,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറയുന്നു.

Read More: 96 Kannada Remake: ജാനുവായി ഭാവന, ചിത്രങ്ങൾ കാണാം

പ്രണയവും പ്രണയ നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇതുവരെ പ്രണയത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അക്കാര്യത്തില്‍ താന്‍ ഭാഗ്യവതിയാണെന്നും ഭാവന പറയുന്നു.

‘ഇവ രണ്ടും ഒരുപോലെ മനസ്സില്‍ താലോലിക്കുന്ന മനോഹരമായ ഓര്‍മകളാണ്. മുന്‍ കാമുകനെ പെട്ടെന്ന് കണ്ടുമുട്ടിയാല്‍ അതില്‍ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുക. ആദ്യമൊക്കെ ആ വ്യക്തിയെ കാണുമ്പോള്‍ ബുദ്ധിമുട്ടുകള്‍ തോന്നാം എന്നാല്‍ അതില്‍ നെഗറ്റീവായി ഒന്നുമില്ല. തനിയ്ക്ക് പ്രണയമെന്നാല്‍ അമൂല്യമാണെന്ന്,’ ഭാവന കൂട്ടിച്ചേര്‍ത്തു.

‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ’99’. ‘ പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,” ചിത്രത്തിനെ കുറിച്ച് ഭാവന പറഞ്ഞത്.

‘ഈ ചിത്രം എന്താണ് എന്നെനിക്ക് അറിയേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് ഞാന്‍ യഥാര്‍ത്ഥ ചിത്രം കണ്ടു. സത്യസന്ധമായി പറഞ്ഞാല്‍, റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതു കൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകാറില്ല. പക്ഷേ ’96’ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതു കൊണ്ട് തന്നെ എനിക്കാ കഥ ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകരണം ബെംഗളൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി,” ഭാവന കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook