നടി നൂറിൻ ഷെറീഫും ഫാഹിനും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
രണ്ടു ദിവസമായി ഫാഹിനൂർ എന്ന ഹാഷ് ടാഗാണ് ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്. ബുധനാഴ്ച അഹാന കൃഷ്ണയുടെ സ്റ്റോറിയിലാണ് ഈ ഹാഷ് ടാഗ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഫാഹിമും നൂറിനും. തൊട്ടു പിന്നാലെ നൂറിനും അഹാനയുടെ സ്റ്റോറി ഷെയർ ചെയ്തു. നൂറിന്റെയും ഫാഹിമിന്റെയും വിവാഹമാണോ ഫാഹിനൂറിനു പിന്നിലൊളിപ്പിച്ച സർപ്രൈസ് എന്ന സംശയമാണ് ഉയരുന്നത്. ഫാഹിനും സമാനമായ സ്റ്റോറികൾ ഷെയർ ചെയ്തത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
മെഹന്ദിയിടുന്ന ചിത്രങ്ങളും നൂറിൻ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും ഫാഹിനൂറിനു പിന്നിലെ രഹസ്യം ഇരുവരും വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാം.

ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാദാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
മലയാളസിനിമയിൽ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫർ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലും ഫാഹിർ അഭിനയിച്ചിട്ടുണ്ട്.