ഫഹദ് ഫാസിലിന്റേയും നസ്രിയ നസീമിന്റേയും പുതിയ ചിത്രമാണ് ആരാധകരിൽ കൺഫ്യൂഷൻ സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ പലരും ചോദിക്കുന്നത് കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ്. മറ്റു ചിലർ ഇരുവരും ചൈനയിലാണോ എന്നും ചോദിക്കുന്നുണ്ട്. ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ ആയതുകൊണ്ടാണോ ഇതെന്നുള്ള രസകരമായൊരു കമന്റും വന്നിട്ടുണ്ട്.

ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘ട്രാൻസ്’ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ ഭാഗമായാണോ ഈ ചിത്രമെന്നും വ്യക്തമല്ല. ചിത്രത്തെ കുറിച്ച് രണ്ടു പേരും ഒന്നും വ്യക്തമാക്കിയിട്ടില്ല.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ നാല് വർഷത്തിനു ശേഷം അഞ്ജലി മേനോൻ ഒരുക്കിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ട്രാൻസ്’.

ഫെബ്രുവരി 14ന് ‘ട്രാൻസ്’ തിയേറ്ററുകളിലെത്തുകയാണ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിന് പുറമേ ‘ബാംഗ്ലൂർ ഡേയ്സി’ന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ‘ട്രാൻസ്’ ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

Read More: സ്റ്റൈലിഷ് ലുക്കിൽ നസ്രിയ; ‘ട്രാൻസ്’ എത്തുന്ന ആകാംക്ഷയിൽ താരം

2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Read More: ‘എന്റമ്മോ, ഈ മസിലൊക്കെ എവിടായിരുന്നു ചാക്കോച്ചാ?’; താരങ്ങൾ ഒരേസ്വരത്തിൽ ചോദിക്കുന്നു

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook