മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം എ ആർ റഹ്മാന് മലയാളത്തില്‍ എത്തുന്ന സിനിമ, 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമ അങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് ‘ മലയന്‍ക്കുഞ്ഞ്’ എന്ന ചിത്രത്തിന്. ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മഹേഷ് നാരായണന് തിരക്കഥ എഴുതി സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വേറിട്ട ദൃശ്യാനുഭവം നല്‍കുമെന്നാണ് പ്രതീക്ഷ.
ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഷൂട്ടിംഗ് അനുഭവം സമ്മാനിച്ച ചിത്രമെന്നാണ് മലയൻകുഞ്ഞിനെ ഫഹദ് വിശേഷിപ്പിക്കുന്നത്. ‘മലയൻ ഒരു വല്ലാത്ത പടമാണ്, മറ്റൊന്നിനു വേണ്ടിയും ഞാനിത്ര കഷ്ടപ്പെട്ടിട്ടില്ല’ എന്നാണ് ഫഹദ് പറയുന്നത്. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 40 അടി താഴ്ച്ചയിലാണ് ചിത്രീകരിച്ചത്.
“ടോര്‍ച്ച് ലൈറ്റിന്റെ സഹായത്തോടെയാണ് താഴെ നിന്നത്. ശാരീരിക ബുദ്ധിമുട്ടിനേക്കാളും ഇരുട്ടാണ് വെല്ലുവിളിയായത്. ചെളിയിലൂടെ ഉരുണ്ട് വേണമായിരുന്നു താഴെ ഇറങ്ങാന്‍. പല സമയങ്ങളിലും ക്യാമറാമാന് പുറത്തും ക്യാമറ അകത്തുമായായിരുന്നു ചിത്രീകരണം. ഒരാള്‍ക്ക് മാത്രമേ അകത്ത് നില്‍ക്കാനാവൂ. അഭിനേതാവിന്റെ ബോഡി മൂവ്മെന്റ് അനുസരിച്ചാണ് ക്യാമറ ചലിപ്പിച്ചത്,” ഫഹദ് പറയുന്നു. പേളി അവതരിപ്പിക്കുന്ന ‘ പേര്‍ളി മാണി ഷോ’യിൽ അതിഥിയായി എത്തിയതായിരുന്നു ഫഹദ്.
സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം ഒടിടി റിലീസ് തീരുമാനിച്ച ചിത്രം പിന്നീട് തീയേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഫഹദ് ഫാസിലിനു പുറമെ രജിഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അര്‍ജു ബെന്‍ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും മഹേഷ് നാരായണനാണ്.