ഏറ്റവും സൗമ്യതയോടെയുള്ള ഒരാളുടെ അഴകേറിയ ചിരി പോലും ചിലപ്പോൾ മറ്റൊരാളിൽ ഭയമുണർത്തിയേക്കാം എന്ന വൈരുധ്യത്തെ അടിവരയിട്ടുറപ്പിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിപിടിച്ചത് ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഷമ്മി എന്ന കഥാപാത്രമാണ്. കണ്ണുകളിലും ചിരിയിലുമൊക്കെ ഭ്രാന്തിന്റെയും അഹന്തയുടെയും ആൺമേൽക്കോയ്മയുടെയും അഗ്നിചീളുകൾ ഒളിപ്പിച്ച് വെച്ച് പ്രേക്ഷകരെ അയാൾ അസ്വസ്ഥനാക്കിയത്രയും അടുത്തകാലത്ത് മറ്റൊരു കഥാപാത്രം പ്രേക്ഷകരുടെ സ്വൈര്യം കളഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ഏറ്റവും വൃത്തിയോടെ, നിരയൊപ്പിച്ചുവെട്ടിയ മീശയും ക്ലീൻ ഷേവ് മുഖവുമായി അലക്കി തേച്ചു വടിവൊത്ത ഷർട്ടണിഞ്ഞ് ഒരു മാന്യന്റെ മുഖഭാവങ്ങളോടെ സ്ക്രീനിൽ നിറഞ്ഞ സൗമ്യനായ ആ മരുമകൻ ഒടുക്കം പ്രേക്ഷകർക്ക് എടുത്തിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്ന വെറുപ്പായി മാറിയിട്ടുണ്ടെങ്കിൽ അവിടെ ജയിച്ചു കയറിയത് ഫഹദ് ഫാസിൽ എന്ന നടനാണ്. അതുകൊണ്ടു തന്നെയാവാം, വെറുക്കപ്പെടുന്ന വില്ലനായി അഭിനയിച്ചിട്ടും ‘കുമ്പളങ്ങി നൈറ്റ്സി’ൽ അയാൾ ഹീറോ ആവുന്നത്.

ഷമ്മിയെന്ന കഥാപാത്രത്തിനൊപ്പം ചിത്രത്തിലെ ‘ഷമ്മി ഹീറോ ആടാ ഹീറോ’ എന്ന കഥാപാത്രവും ഹിറ്റായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയപ്പോൾ ‘കുമ്പളങ്ങി നൈറ്റ്സി’ലെ അതേ ഹിറ്റ് ഡയലോഗ് പറഞ്ഞാണ് ഫഹദ് സദസ്സിനെ കയ്യിലെടുത്തത്. ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

കുറച്ചുമാസങ്ങളായി ബോക്സ് ഓഫീസ് വിജയചിത്രങ്ങളുടെ അമരക്കാരനാവുകയാണ് ഫഹദ് ഫാസിൽ. നായകനായി അഭിനയിച്ച ‘വരത്തൻ’, ‘ഞാൻ പ്രകാശൻ’ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം തേടി മുന്നേറുമ്പോൾ തന്നെ ഇമേജിനെ പേടിയില്ലാതെ പ്രതിനായകവേഷവും ചെയ്യുകയാണ് ഫഹദ്. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുന്നു എന്നതു തന്നെയാണ് ഫഹദ് ഫാസിലിലെന്ന നടനെ വ്യത്യസ്തനാക്കുന്നത്. അൻവർ റഷീദിന്റെ ‘ട്രാൻസ്’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഫഹദ് ചിത്രം.

Read more: തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് അച്ഛന്‍ സിനിമ കാണുന്നത്, ഞാന്‍ വീട്ടിലിരുന്നും: ഫഹദ് ഫാസില്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook