ഇന്ത്യന്‍ സംവിധായകരിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മണിരത്നം അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ചിമ്പു, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യാ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 2018 ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ സന്തോഷ്‌ ശിവന്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. മണിരത്നത്തിന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ്‌ ടാക്കീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത സിനിമയെ തല്‍ക്കാലം പിന്നണി പ്രവര്‍ത്തകര്‍ പ്രൊഡക്ഷന്‍ നമ്പര്‍ 17 എന്നാണു വിളിക്കുന്നത്‌.

മദ്രാസ്‌ ടാക്കീസ് ഔദ്യോഗിക അറിയിപ്പ് – കടപ്പാട് ട്വിറ്റെര്‍

മലയാളത്തിലെ യുവ താര നിരയിലെ ശ്രദ്ധേയനായ ഫഹദ് ഫാസിലിനൊപ്പം മണിരത്നം ചിത്രമൊരുക്കുന്നു എന്നാ വാര്‍ത്ത വളരെക്കാലം സിനിമാ വൃത്തങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നാണ്. പ്രിഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മണിരത്നം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണിത്.

ഫഹദ്, മമത എന്നിവര്‍ കാര്‍ബണ്‍ ലൊക്കേഷനില്‍ – കടപ്പാട് ഫേസ്ബുക്ക്‌

ഫഹദിന്‍റെ അഭിനയ ജീവിതത്തിലെ തിളക്കമാര്‍ന്ന ഒരേടായിരിക്കും മണിരത്നം ചിത്രം എന്ന് പ്രതീക്ഷിക്കാം. ഫഹദ് ഇപ്പോള്‍ വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ്. ഫഹദിന്‍റെ വരാനിരിക്കുന്ന ‘ട്രാന്‍സ്’  അന്‍വര്‍ റഷീദ് ചിത്രമാണ്.

 

മണിരത്നം ചിത്രമായ ‘രാവണ’നിലാണ് പ്രിഥ്വി അഭിനയിച്ചത്. ഒരു പോലീസ് ഓഫീസറിന്‍റെ വേഷമായിരുന്നു. ഐശ്വര്യാ റായ് ആയിരുന്നു പ്രിഥ്വിയുടെ നായിക. സന്തോഷ്‌ ശിവന്‍ തന്നെയായിരുന്നു അതിന്‍റെ ക്യാമറ. ബോക്സ്‌ ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ഫെസ്റ്റിവല്‍ വൃത്തങ്ങളില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടു. രാമായണത്തിന്‍റെ മണിരത്നം പതിപ്പായിരുന്നു ‘രാവണന്‍’. വിക്രം ആണ് രാവണനായി വേഷമിട്ടത്.

ദുല്‍ഖര്‍ സല്‍മാന്‍ മണിരത്നവുമായി കൈകോര്‍ത്തത് ‘ഓ കെ കണ്മണി’ എന്ന ചിത്രത്തിനു വേണ്ടിയാണ്. നിത്യാ മേനോനായിരുന്നു നായിക. ചിത്രം വലിയ വിജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ