അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. പുഷ്പ: ദി റൂൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പ്രതിനായക വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ്. ഫഹദ് തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് വ്യാഴാഴ്ച സെറ്റിൽ നിന്നുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.
ഫോട്ടോയിൽ, ഫഹദും സുകുമാറും ഒരു ഷോട്ടിന് ശേഷം മോണിറ്ററിൽ നോക്കുന്നതു കാണാം. ” പുഷ്പ: ദി റൂളിന്റെ ഒരു പ്രധാന ഷെഡ്യൂൾ ‘ഭൻവർ സിംഗ് ഷെഖാവത്ത്’ (ഫഹദ് ഫാസിൽ) പൂർത്തിയാക്കി. ഇത്തവണ അവൻ പ്രതികാരത്തോടെ മടങ്ങും,” എന്നാണ് ട്വീറ്റ്.
നേരത്തെ, തമിഴ് നടൻ വിജയ് സേതുപതി പുഷ്പ ടീമിനൊപ്പം ചേരുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും റിപ്പോർട്ടുകൾ വാസ്തവമല്ല. എന്നിരിക്കിലും ഫഹദിനെ കൂടാതെ, മറ്റൊരു പ്രതിനായകൻ കൂടി ചിത്രത്തിലുണ്ടാവുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ചന്ദന കള്ളക്കടത്തു നടത്തുന്ന അധോലോകത്തിലെ ഒരു ദിവസവേതനക്കാരന്റെ ഉയർച്ചയെക്കുറിച്ചുള്ള കഥയാണ് ആദ്യഭാഗമായ പുഷ്പ: ദി റൈസ് പറഞ്ഞത്. ചിത്രത്തിന് മികച്ച സ്വീകാര്യത നേടാനും സാധിച്ചു. ആദ്യഭാഗം ഏകദേശം 350 കോടി രൂപയ്ക്ക് അടുത്ത് കളക്ഷൻ നേടി. തെലുങ്ക് സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ പത്തു ചിത്രങ്ങളിൽ ഒന്നാണിത്.
ഫഹദ് ഫാസിൽ, അല്ലു അർജുൻ എന്നിവരെ കൂടാതെ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലുണ്ട്. പുഷ്പ: റൂൾ 2023 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.