മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍ പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്. തമിഴിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഡേറ്റിലെ അനിശ്ചിതത്വമാണ് ഫഹദ് ചിത്രത്തില്‍ നിന്ന് പിന്മാറാൻ കാരണമെന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ല. ജ്യോതിക, വിജയ് സേതുപതി, ചിമ്പു, അതിഥി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ താരങ്ങളും ചിത്രം തുടങ്ങാൻ വൈകുന്നതിൽ അസംതൃപ്തരാണെന്നാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം

പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ക്യാമറ. എ.ആര്‍.റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നത്.

കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കാട്രു വെളിയിടൈ എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയത് അതിഥി റാവു ഹൈദരിയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ