ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വരത്തന്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുളായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഉയരുന്നത്. ‘വരത്തന്‍’ എന്ന പേരുകൊണ്ടു തന്നെ പുറത്തിറങ്ങും മുമ്പേ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകന്‍ ഫഹദ് ഫാസില്‍ പറയുന്നത് താനും ഒരു വരത്താനാണെന്നാണ്.

ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇങ്ങനെ പറഞ്ഞത്. ‘പുറത്തുനിന്നു വന്ന ആള്‍ എന്നാണ് വരത്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഇവിടെ ജനിച്ചുവളര്‍ന്ന ആള്‍ വീടുവിട്ട് ദൂരെ പോകുമ്പോള്‍ അയാള്‍ ഒരു വരത്തനാകുന്നു. എനിക്കും അത് സംഭവിച്ചിട്ടുണ്ട്. പഠനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പോയി തിരിച്ചു വന്നപ്പോള്‍ എന്റെ ചുറ്റുപാടുകള്‍ ആകെ മാറിയിരുന്നു,’ വരത്തനിലേക്ക് ആകര്‍ഷിച്ച ഘടകം എന്താണ് എന്ന ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി.

Read More: Varathan Review: ‘വരത്തന്’ കരുത്തു പകരുന്ന ഫഹദ്

തന്റെ പുതിയ ചിത്രമായ ഞാന്‍ ‘ഞാന്‍ പ്രകാശനെ’ക്കുറിച്ചും അഭിമുഖത്തില്‍ ഫഹദ് സംസാരിച്ചു. ഈ ചിത്രം ഒരു യൂണിവേഴ്‌സല്‍ തീം ആണെന്നും എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രകാശനെ കണ്ടു മുട്ടിയിട്ടുണ്ടാകുമെന്നും ഫഹദ് പറയുന്നു. പ്രകാശന്‍ എന്ന തന്റെ പേര് ഇയാള്‍ പി.ആര്‍.ആകാശ് എന്നാക്കുകയാണെന്നും ആരുമല്ലാത്തിടത്തുനിന്നും ആരൊക്കെയോ ആയി മാറുന്നതുവരെയുളള ഒരാളുടെ യാത്രയാണ് ഈ ചിത്രമെന്നും അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

ശിവകാര്‍ത്തികേയനൊപ്പം ‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച ഫഹദ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയ്‌ക്കൊപ്പം ‘സൂപ്പര്‍ ഡീലക്‌സ്’ എന്ന ചിത്രം ചെയ്യാനൊരുങ്ങുകയാണ്. ത്യാഗരാജന്റെ ‘ആരണ്യകാണ്ഡം’ എന്ന ചിത്രമാണ് തനിക്ക് ഒരു നടനാകാനുള്ള ആത്മവിശ്വാസം തന്നതെന്ന് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

‘സൂപ്പര്‍ ഡീലക്‌സില്‍ ത്യാഗരാജന്‍ കുമാരരാജയ്‌ക്കൊപ്പം ജോലി ചെയ്തത് വളരെ നല്ലൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ആരണ്യകാണ്ഡം എന്ന ചിത്രം ഞാനും വിനീത് ശ്രീനിവാസനും ഒന്നിച്ചാണ് കണ്ടത്. സത്യത്തില്‍ യുഎസില്‍ നിന്നും തിരിച്ചുവന്നതിനു ശേഷം ഒരു നടനാകാനുള്ള ആത്മവിശ്വാസം എനിക്ക് നല്‍കിയത് ആ ചിത്രമാണ്. ആ ധൈര്യത്തിലാണ് ഞാന്‍ ചാപ്പാ കുരിശ് എന്ന ചിത്രം ചെയ്തത്,’ ഫഹദ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook