വലിയ കൊട്ടിഘോഷങ്ങളില്ലാതെ എത്തി എല്ലാവരേയും കൈയ്യിലെടുത്തു പോകുന്നതാണ് ഫഹദ് ഫാസില്‍ ചിത്രങ്ങളുടെ പതിവുരീതി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ‘ട്രാന്‍സ്’ എന്ന് ഫഹദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഇനിയും 60 മുതല്‍ 70 ദിവസം വരെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ‘ട്രാന്‍സ്’. ചിത്രം നടന്നുകൊണ്ടിരിക്കുകയാണ്. റിലീസിനോട് അടുക്കുമ്പോള്‍ ഒരുപക്ഷെ ഈ ചിത്രത്തെക്കുറിച്ച് എനിക്കെന്തെങ്കിലും പറയാനായേക്കും. എന്റെ കഥാപാത്രമാണെങ്കിലും, സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയാണെങ്കിലും, പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു പുതുമ ‘ട്രാന്‍സ്’ നല്‍കും എന്ന് വിശ്വസിക്കാനാണ് എിക്കിഷ്ടം,” ഫഹദ് പറഞ്ഞു.

സംവിധായകന്‍ കൂടിയായ അമല്‍ നീരദാണ് ‘ട്രാന്‍സി’ന്റെ ഛായാഗ്രാഹകന്‍. അമല്‍ തന്നെ സംവിധാനം ചെയ്യുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിലും ഫഹദാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. അടുത്തതായി സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുക. നിഖില വിമലായിരിക്കും ചിത്രത്തിലെ നായിക. വിജയ് സേതുപതിക്കും സമാന്തയ്ക്കുമൊപ്പം തമിഴ് ചിത്രം ‘സൂപ്പര്‍ ഡീലക്‌സ്,’ നവാഗത സംവിധായകന്റെ ‘ആണെങ്കിലും അല്ലെങ്കിലും’ എന്നിവയിലും ഫഹദ് അഭിനയിക്കും.

Read More: ഫഹദും നസ്രിയയും ഒന്നിച്ചുള്ള സിനിമയ്‌ക്ക് ഇനി അധികം കാത്തിരിക്കേണ്ട

അതേസമയം നസ്രിയയും ഫഹദും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കും എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ നസ്രിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷെ ഏതു സിനിമ, ആരാണ് സംവിധായകന്‍ എന്നുള്ളതൊക്കെ സസ്പെന്‍സാണ്,” എന്നാണ് നസ്രിയ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ