അനേകം പ്രതിഭകളെ ഒരുമിച്ച് വെള്ളിത്തിരയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മണിരത്നം. മണിരത്നത്തിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് ജ്യോതികയും ചിമ്പുവും നേരത്തേ അറിയിച്ചിരുന്നു. മറ്റു താരങ്ങളുടെ വിവരങ്ങള്‍ കൂടി ഇപ്പോള്‍ മദ്രാസ് ടാക്കീസ് പ്രൊഡക്ഷന്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിമ്പുവിനേയും ജ്യോതികയേയും കൂടാതെ ഫഹദ് ഫാസില്‍, ഐശ്വര്യ രാജേഷ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി തുടങ്ങി സൗത്ത് ഇന്ത്യയിലെ മികച്ച അഭിനേതാക്കളെല്ലാം ചിത്രത്തിന്റെ ഭാഗമാകും. മണിരത്‌നത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേ മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി എന്ന ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. വീണ്ടും മലയാളത്തിൽ നിന്നൊരു യുവനടനെ തിരഞ്ഞെടുത്തപ്പോൾ ഫഹദിനാണ് നറുക്കു വീണിരിക്കുന്നത്. മണിരത്നത്തിന്റെ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലേക്ക് ആദ്യം ഫഹദിനെ ആയിരുന്നു നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെന്നും എന്നാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങളാൽ പിന്നീട് അത് നടന്നില്ല. പകരം കാർത്തിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മദ്രാസ് ടാക്കീസ് പ്രൊഡക്ഷന്റെ നിര്‍മ്മാണത്തില്‍ മണിരത്നം ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം എ.ആര്‍.റഹ്മാനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമായിരിക്കും നിർവഹിക്കുക. ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവന്‍. വിക്രം-ഐശ്വര്യ റായ് ചിത്രമായ രാവണന്റെ ക്യാമറയും സന്തോഷ് ശിവന്‍ തന്നെയായിരുന്നു. തെന്നിന്ത്യയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മണിരത്‌നം-സന്തോഷ് ശിവന്‍ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇന്ത്യയിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളായ സന്തോഷ് ശിവനും പ്രശസ്ത സംവിധായകനുമായ മണിരത്നവും ചേര്‍ന്നൊരു സിനിമ എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരിക്കും. ദളപതി, രാവണന്‍, റോജ, ഇരുവര്‍, ദില്‍ സേ എന്നീ ചിത്രങ്ങളില്‍ ഇരുവരും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ദൃശ്യവിരുന്നായിരുന്നു.

ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ചിത്രത്തിലെ അഭിനേതാക്കള്‍ തങ്ങളുടെ മറ്റു ചിത്രങ്ങളുമായി തിരക്കിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ