ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചാണ് അഭിനയിച്ചത്. തൊണ്ടിമുതലിനു ശേഷം മറ്റൊരു ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൊണ്ടിമുതലിനു വേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്. സജീവിനൊപ്പം ഈ ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ ദീല്ഷ് നായരുമുണ്ടാകും.

സംഗീതം രാഹുല്‍ രാജും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കും. ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്നത് പ്രവീണ്‍ വര്‍മയാണ്. മെയ് മാസത്തില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ആക്ഷേപ ഹാസ്യമായിരിക്കും.

ഫഹദ്, സുരാജ് എന്നിവര്‍ക്കു പുറമെ നടന്‍ സിദ്ദീഖ്, മഹേന്ദ്രന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രമാണി എന്ന ചിത്രത്തിനു ശേഷം ഫഹദും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ