ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ‘അതിരന്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘ആട്ടുതൊട്ടില്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ യൂടൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരി സംഗീതം പകര്‍ന്ന് ഭാവഗായകന്‍ പി.ജയചന്ദ്രന്‍ ആലപിച്ച മനോഹരമായൊരു താരാട്ടു പാട്ടാണ് ഇത്. സായ് പല്ലവിയും രഞ്ജി പണിക്കറും മകളും അച്ഛനുമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Read More: ‘അതിരനി’ലെ ഫഹദും സായ് പല്ലവിയും ഇതാ; ലൊക്കേഷൻ ചിത്രങ്ങൾ

പി എഫ് മാത്യൂസിന്റെ തിരക്കഥയില്‍ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ‘ക്യൂട്ട് ജോഡി’ എന്നാണ് സമൂഹമാധ്യമങ്ങള്‍ ഫഹദിനെയും സായി പല്ലവിയേയും വിശേഷിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ 125 മത് ചിത്രമാണ് ‘അതിരന്‍’. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു.

Read More: മലയാളത്തിലേക്ക് മടങ്ങിയെത്തി സായ് പല്ലവി: ഫഹദ് ചിത്രം ‘അതിരൻ’ ഫസ്റ്റ് ലുക്ക്

വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുരഭി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ഏപ്രിലില്‍ വിഷു റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും അതിരനുണ്ട്. ‘പ്രേമ’മെന്ന അരങ്ങേറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ്. സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ് എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒന്നാണ്. അതിനു ശേഷം ‘കലി’ എന്ന ദുല്‍ഖര്‍ ചിത്രത്തിലും എത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

ധനുഷിന്റെ നായികയായെത്തിയ ‘മാരി2’വാണ് ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനരംഗത്തിലെ സായ് പല്ലവിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 32 കോടി വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനം റെക്കോര്‍ഡ് ഇട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook