‘പ്രേമ’ത്തിലെ മലര് മിസ് എന്നൊരൊറ്റ കഥാപാത്രം മതി സായി പല്ലവിയെ മലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കാന്‍. സമീപകാലത്ത് മലയാളക്കരയില്‍ ഏറ്റവുമധികം ഓളമുണ്ടാക്കിയ നായികാ കഥാപാത്രം ഒരുപക്ഷെ മലര് മിസ് തന്നെയായിരിക്കും. സായി പല്ലവി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ഇക്കുറി ഫഹദ് ഫാസിലിനൊപ്പമാണ് താരം എത്തുന്നത്.
ദുല്‍ഖര്‍ സല്മാന് നായകനായ ‘കലി’ എന്ന ചിത്രത്തിലാണ് അവസാനമായി സായി പല്ലവിയെ മലയാളികള്‍ കണ്ടത്. ഇക്കുറി നവാഗത സംവിധായകന് വിവേകിന്റെ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സായി തിരിച്ചെത്തുന്നത്.
Read More: മലയാളക്കരയെ ‘പ്രേമം’ തലോടിയിട്ട് മൂന്ന് വര്‍ഷം
‘പ്രേമം’ സായി പല്ലവിയിലെ നര്‍ത്തകിയെ തുറന്നു കാണിച്ചപ്പോള്‍ പുതിയ ചിത്രത്തില്‍ വളരെയധികം വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്റേതെന്ന് സംവിധായകന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നായകന്റേയും നായികയുടേയും രണ്ട് ത്രില്ലിങ് ആക്ഷന്‍ സീക്വെന്സുകള് ഉണ്ടാകും എന്നതാണ്,’ വിവേക് പറഞ്ഞു.
Read More: സായി പല്ലവിക്ക് സിനിമാലോകത്തുനിന്നും ഒരു ആരാധികയുടെ കത്ത്
ഇവരെ കൂടാതെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാകം.
പ്രശസ്ത എഴുത്തുകാരന് പി.എഫ്.മാത്യൂസ് ഈ മ യൗവിന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ വളരെ സജീവമാണ് സായി പല്ലവി. പ്രേമത്തിലൂടെ എല്ലാവരെയും കൈയ്യിലെടുത്ത്, കലിയിലൂടെ വീണ്ടും ആരാധകരുടെ സ്നേഹം കൈക്കലാക്കിയ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മലയാളികളും. പുതിയ ചിത്രം ഒരു റൊമാന്റിക് ത്രില്ലറായിരിക്കും എന്നാണ് അറിയുന്നത്.