ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നമായിരിക്കും. എന്നാല്‍ അങ്ങനെയൊരു അവസരം തേടിവന്നിട്ടും ഫഹദ് ഫാസില്‍ അത് വേണ്ടെന്നു വച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചെക്ക ചിവന്ത വാന’ത്തില്‍ നിന്ന് എന്തുകൊണ്ട് താന്‍ പിന്മാറിയെന്ന് ഒടുവില്‍ ഫഹദ് തന്നെ വെളിപ്പെടുത്തുന്നു.

മനസില്‍ ഒരു സിനിമ കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറുന്നതെന്നും മണിരത്‌നത്തിന്റെ ചിത്രം അവസാനനിമിഷം വരെ മനസില്‍ കാണാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പല ചിത്രങ്ങളില്‍ നിന്നും ഇങ്ങനെ പിന്മാറാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും ഫഹദ് പറയുന്നു.

അതേസമയം എന്തുകൊണ്ടാണ് താന്‍ പിന്മാറിയതെന്ന് മണിരത്‌നത്തിന് മനസിലായിക്കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഫഹദ് വ്യക്തമാക്കി. പുറത്തുള്ളൊരാള്‍ എന്ന തോന്നല്‍ മനസിലുണ്ടാകുമ്പോള്‍ ഒരു സിനിമയുടെ ഭാഗമാകുന്നത് ശരിയാണെന്ന് താന്‍ കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ചെക്ക ചിവന്ത വാന’ത്തില്‍ നിന്നും ഫഹദ് പിന്മാറിയ സാഹചര്യത്തില്‍ തമിഴ് നടന്‍ അരുണ്‍ വിജയ്‌യാണ് ഫഹദിനായി തീരുമാനിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, പ്രകാശ് രാജ്, ജ്യോതിക, അദിതി റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook