വ്യത്യസ്തമായ ലുക്കുകൾ കൊണ്ട് സിനിമാസ്വാദകരിൽ കൗതുകമുണർത്തുന്ന താരമാണ് ഫഹദ് ഫാസിൽ. അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഫഹദ് അവസാനമായി അഭിനയിച്ചത്. ഇതിൽ വളരെ നോമലായ ലുക്കിലാണ് താരമെത്തിയതെങ്കിൽ ഇപ്പോൾ ഫഹദിന്റെ ഒരു വെറൈറ്റി ലുക്കാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിൽ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ വൈറലാവുകയാണ്.
മാരി സെൽവരാജ് ചിത്രം ‘മാമന്നനു’ വേണ്ടിയുള്ള ലുക്കാണെന്നാണ് ഹാഷ്ടാകിൽ നിന്ന് വ്യക്തമാകുന്നത്. കട്ടിമീശയും സ്വർണ്ണവളയും മോതിരവുമൊക്കെ അണിഞ്ഞുള്ള താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരൊറ്റ ഷോർട്ട് മതി ഫഹദിന്റെ അഭിനയത്തിന്റെ ലെവൽ മനസ്സിലാക്കാൻ, മാമന്നനു വേണ്ടി കാത്തിരിക്കുന്നു തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
ഉദയനിധി സ്റ്റാലിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. കഴിഞ്ഞ ദിവസം ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. വടിവേലുവും പ്രധാന വേഷത്തിലെത്തുന്നു. റെഡ് ജയന്റ് മൂവീസ് നിർമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ്ങ് കുമാർ ഗംഗപ്പൻ എന്നിവർ നിർവഹിക്കുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വിക്രം’ ആണ് ഫഹദ് അവസാനമായി എത്തിയ തമിഴ് ചിത്രം. അമർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിനു ഒരുപാട് അഭിനന്ദനങ്ങൾ ഫഹദിനെ തേടിയെത്തിയിരുന്നു.