ഈ ഓണക്കാലത്ത് ഡിജിറ്റല്‍ റിലീസ് ആയി മലയാളികള്‍ക്ക് മുന്പില് എത്തിയ മൂന്നാമത്തെ ചിത്രമാണ് ‘സീ യു സൂണ്‍.’ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തിയത്. ഫഹദും നസ്രിയയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ അവസരത്തിൽ പ്രേക്ഷകരോടും സിനിമയുടെ ഭാഗമായ മറ്റെല്ലാവരോടും നന്ദി അറിയിക്കുകയാണ് ഫഹദും നസ്രിയയും.
Read More: C U Soon Malayalam Movie Review & Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ
ലോക്ക്ഡൗണ്‍ – പാൻഡെമിക് പ്രോട്ടോകോൾ പരിമിതികൾക്കുളിൽ നിന്ന് കൊണ്ട് ഒരുക്കിയ ചിത്രം കൂടിയാണ് സി യൂ സൂൺ. ചിത്രം ദൃശ്യാഖ്യാന രീതിയിലെ പരീക്ഷണാത്മക സമീപനം കൊണ്ടും, വിഷയത്തിന്റെ തീവ്രത കൊണ്ടും, അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്.
പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ‘സീ യു സൂൺ,’ ഇന്നത്തെ മധ്യ വർഗ സമൂഹത്തിന്റെ, അതിൽ തന്നെ യൗവനത്തിന്റെ, അവരുടെ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായ ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും ദൃശ്യ ഘടനകൾ, വെർച്വൽ ആയി മാറുന്ന കാഴ്ചകൾ എല്ലാം തന്നെ ആഖ്യാന രീതിയായി ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന ചിത്രത്തിനെ അടയാളപ്പെടുത്തുന്ന പ്രത്യേകത.
ഈ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞതിങ്ങനെ:
“എന്റെ ബിൽഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളിൽ അത് പൂർത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങൾ സഹകരിച്ചു. ലോക്ക്ഡൗൺ ഇല്ലാത്തപ്പോൾ ഞാൻ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കിൽ, ഇതേ രീതിയിൽ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാൻ കാരണം ലോക്ക്ഡൗൺ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടിൽ താമസിക്കുമായിരുന്നില്ല. ഞങ്ങൾക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബിൽഡിങ്ങിൽ താമസിച്ചു, വൈകുന്നേരങ്ങളിൽ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”
സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ജീവിത പങ്കാളിയായ നസ്രിയയാണെന്നും ഫഹദ് പറഞ്ഞു.
”ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്. വീട്ടിൽ നിന്നുള്ള പിന്തുണയില്ലെങ്കിൽ, എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പുറത്തുപോയി ഓരോന്നും ചെയ്യാനുള്ള പ്രേരണ അവൾ എനിക്ക് നൽകി. മറ്റേയാൾ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല, എന്നാൽ ഞങ്ങൾ ഒരുമിച്ചാണ്. എന്നെക്കാൾ കൂടുതൽ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങൾ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിക്കുമ്പോഴും അവളായിരുന്നു ടീമിനോട് കൂടുതൽ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയിൽ സിനിമ ചിത്രീകരിക്കാൻ സമ്മതിക്കില്ലെന്ന് അവൾ തീർത്തു പറഞ്ഞു. അതുമാത്രമേ അവൾ പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്.”
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook