ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഏറെ ദുഃഖത്തിലാഴ്ത്തിയ മേഘ്നയ്ക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വെളിച്ചമായാണ് കഴിഞ്ഞദിവസം മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിലൂടെ ചിരുവിനെ തിരികെ കൊണ്ടുവന്നതാണ് മേഘ്ന എന്നാണ് വാർത്തയറിഞ്ഞ എല്ലാവരും പറഞ്ഞത്. ഈ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയോടും ചിരുവിനോടും ഏറെ അടുപ്പമുള്ള നസ്രിയയും ഫഹദും. ഇരുവരും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയ തന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

 

View this post on Instagram

 

Junior Chiru welcome backk bhaii @chirusarja @megsraj

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Read More: എന്റെ ഭായി തിരിച്ചുവന്നു; മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook