സിനിമയില്‍ മാത്രമല്ല, ജീവിത്തിലും പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എത്ര ചെറിയ കാര്യമാണെങ്കിലും ഇരുവരെയും കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് ആഘോഷമാണ്. ഇന്ന് ഫഹദ് ഫാസിലിന്റെ 36-ാം ജന്മദിനമാണ്. ഫഹദിനെ സര്‍പ്രൈസ് കൊടുത്തു ഞെട്ടിച്ചിരിക്കുകയാണ് നസ്രിയ.

ഫഹദിനായി പ്രത്യേക കേക്കും ആഘോഷങ്ങളുമാണ് നസ്രിയ ഒരുക്കിയത്. ‘ഹാപ്പി ബെര്‍ത്‌ഡേ ഷാനു’ എന്നായിരുന്നു പശ്ചാത്തലത്തില്‍ എഴുതിയിരുന്നത്. ഫെയ്‌സ്ബുക്കിലും നസ്രിയ ഫഹദിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ഹാപ്പി ബെര്‍ത്‌ഡേ ബേബി,’ എന്ന വാചകങ്ങളോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രമായിരുന്നു നസ്രിയ പോസ്റ്റ് ചെയ്തത്.

നാലുവര്‍ഷം മുമ്പായിരുന്നു ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ വീണ്ടും തിരിച്ചെത്തിയത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു. അതിനു മുമ്പ് അഞ്ജലിയുടേയും നസ്രിയയുടേയും അവസാന ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ ആയിരുന്നു. ഈ ചിത്രത്തില്‍ ഫഹദിന്റെ നായികയായി തന്നെയാണ് നസ്രിയ അഭിനയിച്ചത്. വിവാഹ ശേഷം ഒരു വര്‍ഷത്തോളം ഫഹദും അഭിനയ രംഗത്തു നിന്നും വിട്ടുനിന്നിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് ഫഹദ് ‘മഹേഷിന്റെ പ്രതികാരം’ ചെയ്തത്.

നാലു വര്‍ഷത്തിനു ശേഷം മറ്റൊരു അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തിയപ്പോള്‍ മറ്റാരെക്കാള്‍ കൂടുതല്‍ സന്തോഷിച്ച വ്യക്തിയും ഫഹദ് തന്നെയായിരുന്നു. ‘കൂടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഫഹദ് കുറിച്ച വാക്കുകള്‍ ഇതിന്റെ ഉദാഹരണമാണ്.

Read More: നാലു വർഷങ്ങൾ അവൾ വേണ്ടെന്നുവച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്: ഫഹദ് ഫാസിൽ

“ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും,” ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫഹദും നസ്രിയയും ഒന്നിച്ചൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ആ കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നും ഇരുവരും ഒന്നിച്ചൊരു ചിത്രം ഉടന്‍ ഉണ്ടാകുമെന്നും നസ്രിയ തന്നെ അടുത്ത് പറഞ്ഞിരുന്നു. ഫഹദിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തന്‍’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് നസ്രിയയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook