പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ റിലീസ് മാറ്റിവച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പകരം ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണില്‍ ആരംഭിച്ചത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. മായാനദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഫഹദ്, അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ അവസാന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ട്രാന്‍സ് നിര്‍മിക്കുന്നത്. വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook