ഭാഷകൾക്ക് അപ്പുറത്തേക്ക് വളരുകയാണ് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ. ‘വേലക്കാരൻ’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി വളർന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. ആമിർ ഖാൻ ചിത്രം ‘ദംഗൽ’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിതേശ് തിവാരിയാണ് ആ ആരാധകൻ. ഫഹദിനെ കുറിച്ചുള്ള നിതേശിന്റെ ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്റ്റർ ആണെന്നും താനിപ്പോൾ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേശിന്റെ വെളിപ്പെടുത്തൽ.

” കുമ്പളങ്ങി നൈറ്റ്സ്, സൂപ്പർ ഡീലക്സ്, മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശ്- ഫഹദ് ഫാസിൽ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. വൈകിയാണ് ഞാൻ ഫഹദിനെ കുറിച്ച് കേട്ടത് എങ്കിലും വലിയൊരു ആരാധകനാണ് ഇപ്പോൾ. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ എന്റർടെയിൻ ചെയ്തു കൊണ്ടേയിരിക്കൂ സഹോദരാ,” എന്നാണ് നിതേശിന്റെ ട്വീറ്റ്.

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമേറെ ലഭിച്ച ‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് നിതേശ് തിവാരി. തന്റെ പെണ്മക്കളെ മല്ലയുദ്ധത്തിൽ പ്രാവിണ്യമുള്ളവരായി വളർത്തികൊണ്ടുവന്ന മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയാണ് ‘ദംഗൽ’ പറഞ്ഞത്.
Read more: ‘ആക്ഷൻ’ എന്നു കേൾക്കുമ്പോൾ ഫഹദ് ആളാകെ മാറും: സായ് പല്ലവി

നിതേശിന്റെ ട്വീറ്റ് ഫഹദ് ആരാധകരും മലയാളം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. കൂടുതൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ നിതേശിന് നിർദ്ദേശിച്ചുകൊണ്ട് ആരാധകരും രംഗത്തുണ്ട്.

താങ്കളുടെ ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്ന കമന്റുകളുമായും ആരാധകർ രംഗത്തുണ്ട്. കൂടുതൽ ഫഹദ് ചിത്രങ്ങൾ കാണാൻ നിർദ്ദേശിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് നിതേശ് വീണ്ടും ട്വീറ്റ് ചെയ്തു. “നിർദ്ദേശങ്ങൾക്ക് നന്ദി സുഹൃത്തുക്കളേ. എല്ലാം ഉടനെ തന്നെ കാണുന്നതായിരിക്കും,” എന്നാണ് നിതേശിന്റെ മറുപടി.

മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്ന് ഫഹദ് ഫാസിൽ എന്നായിരിക്കും. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. താരപദവിയുടെ തടവറകളിലേക്ക് ഒതുങ്ങാതെ, തന്നിലെ നടനെ കഥാപാത്രങ്ങൾക്കായി വിട്ടു കൊടുക്കുകയാണ് ഫഹദ്.

Read more: #ExpressRewind: മികവിന്റെ ഒരു വര്‍ഷം കൂടി: ഫഹദ് ഫാസില്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook