ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ‘സീ യു സൂൺ’ ഓടിടി റിലീസിന്. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ‘ടേക്ക്ഓഫ്’ സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.

അദിതി റാവുവും ജയസൂര്യയും അഭിനയിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ വിജയകരമായ വേള്‍ഡ് പ്രീമിയറിനു ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് ‘സീ യൂ സൂൺ’. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.

ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയു സൂണ്‍’. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്.

Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു

കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. മുന്‍പുണ്ടായിട്ടില്ലാത്ത വിധമുള്ള ഇന്നത്തെ സാഹചര്യത്തില്‍ വിര്‍ച്വലായി പരസ്പരം ബന്ധപ്പെടാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഈ ആശയത്തെ ഒരു പടി കൂടി കടന്ന് വ്യത്യസ്ത സ്‌ക്രീന്‍ ഡിവൈസുകളിലൂടെ കഥ പറച്ചിലിന്റെ സവിശേഷ രീതികള്‍ അന്വേഷിക്കുകയാണ് ചിത്രത്തില്‍. വിര്‍ച്വല്‍ കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ് വെയറുകളും അവയുടെ ഡെവലപ്പര്‍മാരുമില്ലാതെ ഇത്തരമൊരു ആശയം അടിസ്ഥാനമാക്കിയുള്ള ചിത്രമുണ്ടാകില്ലായിരുന്നു. ഇത്തരമൊരു സമയത്ത് തങ്ങളുടെ സര്‍ഗശേഷി യാഥാര്‍ഥ്യമാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കഥപറച്ചിലിന്റെ പുതിയ രീതികള്‍ കണ്ടെത്താനുള്ള അവസരമായി വിനിയോഗിക്കുന്നതിനും നിരവധി കലാകാരന്മാര്‍ക്ക് ചിത്രം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹേഷ് നാരായണൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook