Happy Birthday Fahadh Faasil: മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിൽ എന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുകയും ഒപ്പം ലം പോകും തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കുകയും ചെയ്യുന്ന ഫഹദിന്റെ 36-ാം ജന്മദിനമാണ് ഇന്ന്.
പ്രിയകൂട്ടുകാരന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ സൗബിൻ സാഹിർ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തിന്റെ അപൂർവ്വ ചിത്രങ്ങളാണ് സൗബിൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. “ലൈഫ്ടൈം സുഹൃത്തിന് ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹവും സന്തോഷവും ആശംസിക്കുന്നു. പിറന്നാളാശംസകൾ ഷാനു,”എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ സൗബിൻ ഷെയർ ചെയ്തിരിക്കുന്നത്.
വർഷങ്ങളായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ടുപേരാണ് ഫഹദും സൗബിനും. ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ സ്ക്രീൻ പങ്കിട്ട ഫഹദിന്റെയും സൗബിന്റെയും അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. നായകതുല്യമായ കഥാപാത്രമായി സൗബിൻ എത്തിയപ്പോൾ പ്രതിനായക വേഷത്തിലാണ് ഫഹദ് തിളങ്ങിയത്.
ഫഹദിന് ആശംസകളുമായി നസ്രിയയും ഇൻസ്റ്റഗ്രാമിൽ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം പുതിയ ചിത്രം ‘ട്രാൻസി’ന്റെ ലൊക്കേഷനിൽ വെച്ചുനടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും. അൻവർ റഷീദും അമൽ നീരദുമെല്ലാം ചിത്രത്തിലുണ്ട്.
അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ൽ അഭിനയിച്ചു വരികയാണ് ഫഹദ് ഇപ്പോൾ. ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ഷെയിൻ നിഗം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read more: ExpressRewind: മികവിന്റെ ഒരു വര്‍ഷം കൂടി: ഫഹദ് ഫാസില്‍