Fahadh Faasil’s Varathan Release Date: ‘ഇയ്യോബിന്റെ പുസ്തകം’ എന്ന ചിത്രമിറങ്ങി നാലുവര്‍ഷത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിക്കുന്ന ‘വരത്തന്‍’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ വരത്തനെ കാത്തിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും ലഭിച്ച കൈയ്യടി.

മായാനദിക്കു ശേഷം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം കൂടിയാണ് വരത്തന്‍. ചിത്രത്തില്‍ എബിനായി ഫഹദെത്തുമ്പോള്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വരത്തനുണ്ട്.

കാര്‍ബണ്‍ ആയിരുന്നു ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് എന്നും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുള്ളത്. മായാനദിയിലൂടെ ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയതാണ്.

ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. നസ്രിയ പാടിയ രണ്ടു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. നടന്‍ ശ്രീനാഥ് ഭാസിയും ഒരു പാട്ട് പാടിയിട്ടുണ്ട്.

ഓഗസ്റ്റ് 27ന് തിയേറ്ററുകളില്‍ എത്തേണ്ടിരുന്ന ചിത്രം, പ്രളയം മൂലം റിലീസ് ഡേറ്റ് മാറ്റിവയ്ക്കുകയായിരുന്നു. വാഗമണ്‍, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook