Aishwarya Lekshmi, Fahadh Faasil Starrer Varathan Movie Review: ‘ആൾക്കൂട്ടം’ ഒരു രാജ്യമാണെങ്കിൽ, ആ ‘രാജ്യം’ എപ്പോഴും സംശയത്തോടെ പുറത്തു നിർത്തുന്ന ഒരാളാണ് വരത്തൻ. ആൾക്കൂട്ടം അവനെ വരത്തൻ എന്നു വിളിക്കുമ്പോൾ, ആ വിളിയിൽ പോലും ഒരു പരിഹാസത്തിന്റെ ചുവ ഒളിച്ചിരിപ്പുണ്ട്. തങ്ങളിൽ പെടാത്ത ഒരുവൻ, തനിക്കു മാർക്കിടാവുന്ന ഒരുവൻ- എന്നിങ്ങനെയുള്ള ആൾക്കൂട്ട മനശാസ്ത്രത്തിന്റെ ‘സർട്ടിഫൈഡ്’ നോട്ടത്തിനു മുന്നിൽ ചിലപ്പോഴെങ്കിലും അവൻ പരിഹാസ്യനാകുന്നുണ്ട്. പരിതസ്ഥിതികളോട് ചേർന്നിരിക്കാൻ നോക്കിയാലും വരത്തനെന്ന വിളിപ്പേര് അയാളെ ‘വേറിട്ടവനായി’ തന്നെ നിലനിർത്തും.

വന്നു കയറുന്ന ആരെയും തന്റെ തിരക്കുകളിലേക്ക് നഗരപ്രകൃതം ചേർത്തുപിടിക്കുമ്പോൾ, നാട്ടിൻപ്പുറങ്ങൾക്ക് പലപ്പോഴും കഴിയാതെ പോകുന്ന ‘സങ്കുചിതമായ ഇടുക്ക’ത്തിനു മുന്നിൽ വരത്തന് വരത്തന്റേതായ പ്രതിബന്ധങ്ങൾ ഉണ്ട്. വരത്തനെന്ന മേൽവിലാസത്തിൽ നിന്നൊരു അതിജീവനം അത്ര എളുപ്പവുമല്ല. അത്തരമൊരു വരത്തന്റെ സംഘർഷങ്ങളിലേക്കും അതിജീവനത്തിലേക്കുമാണ് അമൽ നീരദും സംഘവും പ്രേക്ഷകരെ കൊണ്ടു പോകുന്നത്.

Read More: Varathan Movie Release: ഫഹദിന്റെ ‘വരത്തന്‍’ തിയേറ്ററുകളില്‍

Aishwarya Lekshmi, Fahadh Faasil Starrer Varathan Movie Review: പ്രതിബന്ധങ്ങളില്ലാതെ സുഗമമായി പോയ്കൊണ്ടിരിക്കുന്ന എബിയുടെയും പ്രിയയുടെയും ജീവിതം ഇടയ്ക്കൊന്നു ട്രാക്ക് മാറുന്നു. എബിയുടെ ജോലിയിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രിയയുടെ ചില ആരോഗ്യപ്രശ്നങ്ങളും മടുപ്പുണ്ടാക്കി തുടങ്ങിയപ്പോൾ, ജീവിതത്തിന് ഒരു ചേഞ്ച് സ്വപ്നം കണ്ട് എബിയും ഭാര്യയും ദുബായ് വിട്ട് നാട്ടിലേക്ക് മടങ്ങുകയാണ്. പ്രിയയുടെ അപ്പന്റെ 18-ാം മൈലിലുള്ള തോട്ടത്തിലെ പഴയ ബംഗ്ലാവ് വീട്ടിലേക്കാണ് ഇത്തിരി ആശ്വാസം തേടി ഈ ദമ്പതികൾ എത്തുന്നത്. വരത്തൻ എന്ന മേൽവിലാസമാണ് ആ ഹിൽസ്റ്റേഷനിൽ എബിയെ കാത്തിരുന്നത്.

‘ജോസ്‌പ്രകാശ് സെറ്റപ്പി’ലുള്ള, പുറംലോകത്തിൽ നിന്നെല്ലാം അകന്ന് കിടക്കുന്ന ബംഗ്ലാവ് പോലും സിനിമയിലൊരു കഥാപാത്രമാണ്. റിലാക്സേഷൻ തേടിയെത്തുന്ന എബിയെ കാത്തിരുന്നത് ചീവിടുകൾ ഒച്ചവെയ്ക്കുന്ന രാത്രികളായിരുന്നു. അവിടം മുതലങ്ങോട്ട് കഥ ത്രില്ലിംഗ് സ്വഭാവത്തോടെ മുന്നോട്ടു പോകുന്നു.

ആ ബംഗ്ലാവും നാട്ടുവഴികളും എല്ലാം പ്രിയയ്ക്ക് ഓർമ്മകളുടെ പെരുന്നാൾ സമ്മാനിക്കുമ്പോൾ, പറയാൻ അധികം നൊസ്റ്റാൾജിയ തനിക്കില്ലല്ലോ എന്ന് നൊമ്പരപ്പെടുന്ന കഥാപാത്രമാണ് എബി. നാട്ടിൻപ്പുറത്തെ നന്മയിലും നിഷ്കളങ്കതയിലുമൊക്കെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന എബിയും നാട്ടിൻപ്പുറം നന്മകളാൽ മാത്രമല്ല, ‘ഒറ്റനോട്ടത്തിൽ ചോര ഊറ്റുന്ന ഓന്തു’കളാലും സമ്പന്നമാണെന്ന പ്രായോഗിക ചിന്തകളുള്ള പ്രിയയും നേരിടുന്ന പ്രതിസന്ധികളാണ് കഥയുടെ കാതല്‍.

Aishwarya Lekshmi, Fahadh Faasil Starrer Varathan Movie Review: ക്യാമറയുടെ ചലനങ്ങൾക്കി ടയിൽ സ്ക്രീനിൽ മിന്നിമറഞ്ഞു പോകുന്ന ചെറിയ ചെറിയ വിഷ്വലുകൾ പോലും കഥാഗതിയിലേക്കു നയിക്കുന്ന സൂചകങ്ങളാവുകയാണ്. ആന്റിക് തോക്കും പഴയ നൈറ്റ് വിഷൻ ഗോഗിൾസും തുടങ്ങി നിരുപദ്രവകാരിയായ ഒരു പാറ്റ പോലും സ്ക്രീനിൽ വെറുതെ വന്നു പോകുന്നില്ല എന്നത് ക്രാഫ്റ്റിന്റെ മികവായി തന്നെ എടുത്തുപറയാം.

വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ളൊരു ലോകമാണ് ‘വരത്തൻ’. എന്നാൽ ഓരോ കഥാപാത്രങ്ങളും അവരുടേതായ രീതിയിൽ കഥയ്ക്ക്‌ അനിവാര്യമായും തീരുന്നു. പ്രേമനായെത്തുന്ന ചേതൻ ജയലാലും അവന്റെ അമ്മയായെത്തുന്ന ഉണ്ണിമായയുമൊന്നും വഴിയരികിൽ നിന്ന് വെറുതെ വണ്ടിക്ക് കൈകാണിക്കുന്നവരല്ല.

ഒരു പാറ്റയെ പോലും കൊല്ലാൻ ഇഷ്ടപ്പെടാത്ത എബിയുടെ പരിണാമത്തിന്റെ കഥ കൂടിയാണ് ‘വരത്തൻ’. തണുപ്പു കൊണ്ട് തെറ്റിപ്പോകുന്ന കാൽക്കുലേറ്ററിന്റെ ‘കുബുദ്ധി’യൊക്കെ പതിയെ എബിയ്ക്ക് മനസ്സിലായി തുടങ്ങുന്നുണ്ട്. പ്രതിനായകരും കരുത്തോടെ സ്ക്രീനിൽ കാലുറപ്പിച്ചതോടെ സിനിമ ത്രില്ലിംഗാകുന്നു. പ്രതിയോഗികളായെത്തുന്ന ‘പാപ്പാളീസ് കൺട്രി’ പ്രേക്ഷകരെ മുൾമുനയിൽ തന്നെ നിർത്തുന്നുണ്ട്. രണ്ടാം പകുതിയിൽ കൂടുതൽ കരുത്താർജിക്കുന്ന സിനിമയുടെ അവസാന അര മണിക്കൂർ ആകാംക്ഷയുടെ വളവുതിരിവുകളിലൂടെയാണ് പ്രേക്ഷകനെ നയിക്കുക.

സിനിമയുടെ ഉദ്വേഗം നിലനിർത്തി കൊണ്ടുപോകുന്നതിൽ സൗണ്ട് ഡിസൈനിംഗിന്റെ പങ്കും ചെറുതല്ല. പിൻഡ്രോപ്പ് സൈലൻസിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലൂടെ തപസ് നായികിന്റെ സൗണ്ട് ഡിസൈനിംഗും വിജയം കണ്ടിരിക്കുന്നു.

ഫഹദും ഐശ്വര്യയും തങ്ങളുടെ കഥാപാത്രങ്ങളെ മിതത്വത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യ പകുതിലെ ഇമേജിനെ അടിമുടി ബ്രേക്ക് ചെയ്യുന്ന ട്രാൻസ്ഫോർമേഷനാണ് രണ്ടാം പകുതിയിൽ ഫഹദ് കാഴ്ച വെയ്ക്കുന്നത്. സ്റ്റൈലിഷ് ആയ മൂവ്മെന്റുകളോടെ സ്ക്രീനിൽ നിറഞ്ഞാടുന്ന ഫഹദ് തിയേറ്ററിൽ കയ്യടികൾ വാരിക്കൂട്ടുന്നുണ്ട്.

മുൻചിത്രങ്ങളെ വെച്ചു പരിശോധിക്കുമ്പോൾ ഫിലിം മേക്കർ എന്ന നിലയിൽ അമൽ നീരദ് കുറേക്കൂടി കയ്യടക്കം കാഴ്ച വെച്ചിട്ടുണ്ട് ‘വരത്തനി’ൽ. തന്റെ ‘യു എസ് പി’ ആയ സാങ്കേതിക മികവിനെ കഥാഗതിയ്ക്ക് വേണ്ട രീതിയില്‍ ഉപയോഗിക്കാൻ അമലിനു കഴിഞ്ഞിട്ടുണ്ട്. നായകന്റെ മാസ് എൻട്രിയോ, മണ്ണിൽ തൊടാതെ നടക്കുന്ന നായകനോ അമൽ നീരദ് സിനിമകളുടെ പതിവ് സ്ലോ മോഷൻ സ്വീകൻസുകളോ ചിത്രത്തിലില്ല. പക്ഷേ, കഥ ആവശ്യപ്പെടുന്നിടത്ത് സ്റ്റൈലിഷ് ഗെറ്റപ്പ് ഉണ്ട് താനും.

നായികയായെത്തുന്ന ഐശ്വര്യയും തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്. ‘മായാനദി’യിലെ അപ്പുവിൽ നിന്നും തീർത്തും വ്യത്യസ്തയാണ് ‘വരത്തനി’ലെ പ്രിയ. ഷറഫുദ്ദീന്റെ ഒരു മികച്ച കഥാപാത്രമാവും ‘വരത്ത’നിലെ ജോഷ്വോ. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി കഥയിലുടനീളം കരുത്തോടെ നിൽക്കുകയാണ് ഷറഫുദ്ദീൻ. വിജിലേഷ്, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നിസ്താർ സേട്ട്, ഷോബി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

കയ്യടക്കത്തോടെ കഥ പറഞ്ഞു പോകുന്ന സ്ക്രിപ്റ്റാണ് ‘വരത്തന്’ കരുത്തു പകരുന്ന മറ്റൊരു ഘടകം. ഗംഭീര തീയേറ്റർ എക്സ്പീരിയസ് നൽകുന്നതിൽ എഡിറ്റിംഗിനും നല്ല പങ്കുണ്ട്. ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറയും കഥയുടെ ത്രില്ലർ സ്വഭാവം നിലനിർത്തുന്നുണ്ട്. ഇടയ്ക്കൊരു ഇഴച്ചില്‍ തോന്നിയെങ്കിലും ഞൊടിയിട കൊണ്ടു തന്നെ കഥ അതിന്റെ മുറുക്കം തിരിച്ചു പിടിക്കുന്നുണ്ട്.

നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വരത്തനുണ്ട്. അമൽ നീരദും നസ്രിയയുമാണ് ചിത്രത്തിന്റെ നിർമാണം. നസ്രിയ പാടിയ രണ്ടു ഗാനങ്ങളും ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്.

ആദ്യ ഷോയിലെ പ്രേക്ഷകരുടെ പ്രതികരണം കണക്കിലെടുത്താല്‍ ‘വരത്തന്‍’ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നാകുമെന്നു വേണം കരുതാന്‍. ‘ഈ വരത്തൻ വെറുതെ അങ്ങ് വന്ന് പോവാൻ വന്നവനെ’ല്ലെന്ന് ഉറപ്പോടെ പറയുന്നുണ്ട് സിനിമ.

Read More: പ്രകാശം പരത്തുന്ന പ്രൊഡ്യൂസര്‍: നസ്രിയയെക്കുറിച്ച് ടീം ‘വരത്തന്‍’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook