സിനിമകളുടേയും കഥാപാത്രങ്ങളുടേയും തിരഞ്ഞെടുപ്പിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ. ഓരോ കഥാപാത്രവും വ്യത്യസ്തം. കരിയറിൽ നായകവേഷങ്ങളിൽ തിളങ്ങിനിൽക്കുമ്പോൾ വില്ലൻ വേഷങ്ങൾ ചെയ്യാനും മടിക്കാത്ത നടൻ. ‘ടേക്ക് ഓഫി’നു ശേഷം മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന ‘സീ യു സൂൺ’ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം നിർമിച്ചിരിക്കുന്നത് ഫഹദും നസ്രിയയും ചേർന്നാണ്.
Read more: C U Soon Malayalam Movie Review & Rating: ഡിജിറ്റല്‍ ലോകത്തിന്റെ ദൃശ്യവ്യാകരണം; ‘സീ യു സൂണ്‍’ റിവ്യൂ
ലോക്ക്ഡൌൺ കാലത്ത് പൂർണമായും ഒരു ബിൽഡിങ്ങിൽ തന്നെ ഷൂട്ട് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ അനുഭവത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞതിങ്ങനെ:
“എന്റെ ബിൽഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളിൽ അത് പൂർത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങൾ സഹകരിച്ചു. ലോക്ക്ഡൗൺ ഇല്ലാത്തപ്പോൾ ഞാൻ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കിൽ, ഇതേ രീതിയിൽ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാൻ കാരണം ലോക്ക്ഡൗൺ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടിൽ താമസിക്കുമായിരുന്നില്ല. ഞങ്ങൾക്ക് ശരിയായ സ്ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബിൽഡിങ്ങിൽ താമസിച്ചു, വൈകുന്നേരങ്ങളിൽ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”
സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ജീവിതപങ്കാളിയായ നസ്രിയയാണെന്നും ഫഹദ് പറയുന്നു.
”ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്. വീട്ടിൽ നിന്നുള്ള പിന്തുണയില്ലെങ്കിൽ, എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പുറത്തുപോയി ഓരോന്നും ചെയ്യാനുള്ള പ്രേരണ അവൾ എനിക്ക് നൽകി. മറ്റേയാൾ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല, എന്നാൽ ഞങ്ങൾ ഒരുമിച്ചാണ്. എന്നെക്കാൾ കൂടുതൽ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങൾ കുമ്പളങ്ങി നൈറ്റ്സ് നിർമിക്കുമ്പോഴും അവളായിരുന്നു ടീമിനോട് കൂടുതൽ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയിൽ സിനിമ ചിത്രീകരിക്കാൻ സമ്മതിക്കില്ലെന്ന് അവൾ തീർത്തു പറഞ്ഞു. അതുമാത്രമേ അവൾ പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്.”
കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഇന്ത്യയിലെയും ഇരുന്നൂറോളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.
Read Here: ലോക്ക്ഡൗൺ വന്നെന്ന് കരുതി സിനിമ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലല്ലോ; മഹേഷ് നാരായണ്‍