2013-ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജിയിലെ ‘ആമി’ക്ക് ശേഷം അൻവർ റഷീദും അമൽ നീരദും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമായിരുന്നു ട്രാൻസ്. ഫഹദ് നായകനായ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അമൽ നീരദായിരുന്നു. എന്നാൽ ഫഹദോ അമലോ ഈ സിനിമയുടെ പേരിൽ തന്റെ കൈയിൽ നിന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് സംവിധായകൻ അൻവർ റഷീദ് പറയുന്നത്. ‘ഓൺമനോരമ’യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ട്രാൻസ്’ എന്ന ചിത്രം എന്താണ് തനിക്ക് നൽകിയത് എന്നതിനെക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രൊസസ് എന്ന് അൻവർ റഷീദ് പറയുന്നു.
“ഫഹദും അമലും ഒരു രൂപ പോലും ട്രാൻസിന് പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവർ എന്നിലർപ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്,” അൻവർ റഷീദ് പറയുന്നു
Read More: സവാരിക്കിറങ്ങി പാർവതിയും റിമയും; തന്നെ വിളിച്ചില്ലെന്ന് ഗീതുവിന്റെ പരാതി
തന്റെ ഓർമ്മയിലെ ഏറ്റവും പ്രിയങ്കരമായ ഷൂട്ടിംഗ് അനുഭവമായിരുന്നു ‘ട്രാൻസ് എന്നും, തങ്ങൾ ഏറ്റവും സമ്മർദമില്ലാതെ പൂർത്തിയാക്കിയ ചിത്രം ആമിയായിരുന്നു എന്നും അൻവർ റഷീദ് പറയുന്നു.
അഞ്ജലി മേനോൻ തിരക്കഥയെഴുതി, 2012ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടലി’ന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മുഴുനീള ചിത്രമായിരുന്നു ‘ട്രാന്‍സ്’.
ട്രാൻസിന്റെ നിർമാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സായിരുന്നു. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.
വിജു പ്രസാദ്, ഫാദർ ജോഷ്വ കാൾട്ടൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ഫഹദ് എത്തിയത്. ഇത് ഫഹദിന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.
കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണായി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്റേത്.