കരിയറിൽ ബ്രേക്ക് എടുത്തത് മുന്നോട്ടു ഓടാൻ വേണ്ടിയാണെന്ന് ഫഹദ്. ഒരിക്കലും തിരിച്ചു നടക്കാനല്ല. സിനിമയിൽ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഫോക്കസ് ഇല്ലാത്തത് എനിക്കൊരു പേഴ്സണൽ ലൈഫ് ഇല്ലാത്തതിനാലാണെന്ന് പിന്നീട് മനസ്സിലായി. മുഴുവൻ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ൽ 13 സിനിമകളാണ് ചെയ്തത്. ഞാനെന്ന വ്യക്തിക്ക് കുറച്ചു സമയം വേണമെന്നു തോന്നി. നസ്രിയ വന്നപ്പോൾ എല്ലാം ബാലൻസ് ആയെന്നും മനോരമ ന്യൂസിനോട് ഫഹദ് പറഞ്ഞു.

നസ്രിയ ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ കുറച്ചുകൂടി റിലാക്സിഡ് ആയി. ആർക്കു വേണ്ടിയാണെങ്കിലും ഇഷ്ടമല്ലെങ്കിൽ അതു ചെയ്യേണ്ടെന്നു നസ്രിയ പറയും. അതാണ് നസ്രിയയുടെ മികച്ച ഗുണം. കരിയറിൽ എന്നെ ഏറ്റവും കൂടുതൽ നസ്രിയ സപ്പോർട്ട് ചെയ്തത് അങ്ങനെയാണ്. നസ്രിയ വളരെ പോസിറ്റീവാണ്. ഇഷ്ടമല്ലെങ്കിൽ അത് സംവിധായകനോട് പറഞ്ഞ് ആ സിനിമ വേണ്ടെന്നുവയ്ക്കണമെന്ന് അവൾ പറയും. നിരവധി വലിയ പ്രോജക്ടുകൾ ഞാൻ വേണ്ടെന്നുവച്ചിട്ടുണ്ട്. അത്രയും കരുത്ത് നൽകുന്ന ഒരാൾ വീട്ടിൽ ഉളളപ്പോൾ എന്റെ ജോലി എളുപ്പമാകുന്നുണ്ട്.

നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചും ഫഹദ് പറഞ്ഞു. വിവാഹശേഷം നസ്രിയയ്ക്ക് അഭിനയിക്കാമെന്ന് വിവാഹത്തിനു മുൻപേ പറഞ്ഞതാണ്. നസ്രിയ സിനിമ ഇഷ്ടപ്പെടുന്നുണ്ട്, അതുകൊണ്ടാണ് അവളോട് അഭിനയിക്കാൻ പറഞ്ഞത്. അവൾ അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഞാൻ അഭിനയിക്കാൻ പറയില്ലായിരുന്നുവെന്ന് ഫഹദ് പറഞ്ഞു.

നാളെയെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ഇഷ്ടമില്ലാത്ത കാര്യം ഞാനിപ്പോൾ ചെയ്യാറില്ല, എനിക്ക് ഇഷ്ടമുളളതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. മറിച്ചായാൽ നമ്മളെ നമ്മൾ അല്ലാതാക്കി അത് മാറ്റുമെന്നും ഫഹദിന്റെ വാക്കുകൾ.

ജീവിതം മുഴുവൻ താൻ സിനിമയോട് കടപ്പെട്ടിരിക്കുമെന്നും ഫഹദ് പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും എല്ലാം നൽകിയിട്ടുളളത് സിനിമയാണ്. പക്ഷേ സിനിമയില്ലെങ്കിൽ വേറൊന്ന്. സിനിമയിൽ നിൽക്കുമോ ഇല്ലയോ അതെനിക്കറിയില്ല. ചിലപ്പോൾ നിൽക്കും, അല്ലെങ്കിൽ പോകുമായിരിക്കും. ഞാനൊട്ടും പ്രൊഫഷണലല്ല. എന്റെ ഏറ്റവും വലിയ പോരായ്മയാണതെന്നും ഫഹദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook