കടലയും കൊറിച്ച് രാത്രി കോട്ടയം നഗരത്തിന്റെ തെരുവീഥിയിൽ കൂടി നടന്ന നടനെ കണ്ടപ്പോൾ കോട്ടയംകാർ ഒന്നു ഞെട്ടി. നാച്ചുറാലിറ്റിക്കുവേണ്ടി എന്തു റിസ്ക്കും ഏറ്റെടുക്കുന്ന നടൻ ഫഹദായിരുന്നു അത്. ഫഹദിന്റെ പുതിയ ചിത്രമായ കാർബണിന്റെ ചിത്രീകരണമായിരുന്നു കോട്ടയം നഗരത്തിൽ രാത്രി നടന്നത്. എന്നാണ് ചിത്രീകരണം നടന്നതെന്ന് വ്യക്തമല്ല.

കടലയുടെ പായ്ക്കറ്റും കൈയ്യിൽ പിടിച്ച് നഗരവീഥിയിലൂടെ ഫഹദ് നടക്കുകയാണ്. സംവിധായകൻ വേണു ഫഹദിന് ചില നിർദേശങ്ങളും നൽകുന്നുണ്ട്. ടേക്കിനു മുൻപുളള റിഹേഴ്സൽ ആണിത്. കണ്ടുനിന്നവരിലാരോ ഈ ദൃശ്യം ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.

മുന്നറിയിപ്പിനുശേഷം ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനുശേഷമുളള ഫഹദിന്റെ ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങൾ വ്യത്യസ്ത നിറഞ്ഞ ദൃശ്യാനുഭവം ആയിരിക്കും കാർബൺ നൽകുക എന്ന സൂചന നൽകുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ