കൊച്ചി: സംസ്ഥാന പുരസ്കാരത്തിനായി മഹേഷിന്റെ പ്രതികാരം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന അഭിപ്രായമില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. തന്റെ മുന്‍ഗണന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്നോ എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയാതാലും നന്നാകും. അത് ഞാന്‍ ചെയ്തത് പോലെ അല്ലാതെ മറ്റൊരു രീതിയില്‍ നന്നാകും. മറ്റൊരു സ്വഭാവവും സംസ്കാരവുമൊക്കെയുള്ള നല്ലൊരു ചിത്രം. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ അഭിനയിച്ചാലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനാകില്ലെന്നും ഫഹദ് മനോരമ ന്യൂസിനോട് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
“2016ലെ ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ അച്ഛനും ഇഷ്ടം മഹേഷിന്റെ പ്രതികാരമാണ്. എന്നാല്‍ പുരസ്കാരം പിതാവ് പ്രതീക്ഷിച്ചിരുന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരു വര്‍ഷത്തോളം ഇടവേള എടുത്തത് സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു. മാറി നിന്നത് സെലക്ടീവ് ആകാന്‍ വേണ്ടിയല്ല. പൊതുവെ താനൊരു മടിയനാണ്. യാത്രയും സ്വാകാര്യജീവിതത്തിലെ മറ്റ് തിരക്കുകളും കാരണം മാത്രമായിരുന്നത്”.
കൈയെത്തും ദൂരത്ത് എന്ന സിനിമയിലെ ഫലിപ്പിക്കാന്‍ കഴിയാതെ പോയ അഭിനയത്തെ കുറിച്ചും ഫഹദ് മനസ് തുറന്നു. “അന്ന് പതിനെട്ടോ പത്തൊമ്പതോ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പിന്നീട് 10 വര്‍ഷത്തോളം ഇടവേള എടുത്ത് തിരിച്ചെത്തുമ്പോള്‍ തന്റെ അഭിനയത്തിന് എന്തെങ്കിലും മെച്ചമുണ്ടായിട്ടുണ്ടെങ്കില്‍ അത് അനുഭവത്തിന്റേയും ഒറ്റയ്ക്കുള്ള യാത്രയുടേയും മറ്റും ഫലമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടേക്ക് ഓഫ് ചിത്രത്തിന്റെ സംവിധായകനായ മഹേഷ് തന്നോട് പലവട്ടം ഇത് ഓവര്‍ ആക്ടിംഗ് ആണെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ചിത്രത്തില്‍ പല തിരുത്തലുകളും ഉണ്ടായിട്ടുള്ളത്. എല്ലാ ചിത്രങ്ങളിലും താന്‍ ചിത്രത്തിന്റെ സംവിധായകനെ ആശ്രയിക്കുന്നയാളാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
സിനിമാരംഗത്തില്‍ മുന്‍നിരയിലുള്ള എഡിറ്റര്‍മാരില്‍ ഒരാളായ മഹേഷ് നാരായണന്‍ അദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. യുദ്ധഭീകരതയുടെ കാലത്ത് ഇറാഖില്‍ അകപ്പെട്ട്പോയ ഇന്ത്യന്‍ നഴ്സുമാരുടെ യഥാര്‍ഥ സംഭവത്തിന്റെ നേര്‍ക്കാഴ്ച്ചയായ ചിത്രം മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.
കുടുംബത്തിന്റെ സകല ബാധ്യതകളും പേറി നാട്ടില്‍ ഒരു നഴ്സിന് ലഭിക്കാത്ത വിലയും ശമ്ബളവും ആഗ്രഹിച്ച് വിമാനം കേറിയ മാലാഖമാര്‍. ആ കൂട്ടത്തില്‍ ഒരുവളാണ് കേരളത്തില്‍ നിന്ന് വിമാനം കേറിയ സമീറയും. പാര്‍വതിയാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മൂന്ന് മുന്‍നിര നായകന്മാര്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശക്തമായ കയ്യടി അര്‍ഹിക്കുന്നു മൂവരും. കൂട്ടത്തില്‍ കൂടുതല്‍ കയ്യടി ലഭിച്ചത് ഫഹദിനാണ്. മികച്ച ഡയലോഗുകളും തന്റേതായ ശൈലികൊണ്ടും മാനറിസം കൊണ്ടും ഫഹദ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.