ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ വരത്തന്റെ ടീസര്‍ പുറത്തിറക്കി. അമല്‍ നീരദിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. നേരത്തെ പുറത്തുവന്ന പോസ്റ്ററിലെ ലുക്കില്‍ തന്നെയാണ് ഫഹദ് ടീസറിലുമെത്തുന്നത്.

എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. വരത്തന്‍ ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ മ്യൂസിക്കും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. ലിറ്റില്‍ സ്വായംപിന്റേതാണ് ഛായാഗ്രഹണം.

ഇയോബിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം സമ്മാനിച്ച ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം വരത്തനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം പതിപ്പായ ബിലാലാണ് അമല്‍ നീരദിന്റെ അടുത്ത ചിത്രം.

ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ മാസായിരിക്കും ‘ബിലാല്‍’ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും 2018ല്‍ തന്നെ ബിലാല്‍ സംഭവിക്കും എന്നാണ് ബിലാലിനെ കുറിച്ച് അമല്‍ നീരദ് പറഞ്ഞത്. ‘ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം – അതാണ് ‘ബിലാല്‍’. അദ്ദേഹം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ