മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമാകുടുംബങ്ങളിൽ ഒന്നാണ് ഫാസിലിന്റേത്. ഫാസിൽ കുടുംബത്തിന്റെ മനോഹരമായൊരു കുടുംബചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഫാസിൽ കുടുംബത്തിലെ മരുമകളും നടിയുമായ നസ്രിയയുടെ ഫാൻ പേജിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഫാസിലിന്റെ ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടിയുമടക്കം സമ്പൂർണ കുടുംബം തന്നെ ചിത്രത്തിലുണ്ട്.
മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഫാസിൽ എന്ന സംവിധായകൻ, ദേശീയ പുരസ്കാരം വരെ നേടിയ മലയാളത്തിന്റെ അഭിമാനതാരമായ മകൻ ഫഹദ് ഫാസിൽ, പ്രേക്ഷകരുടെ പ്രിയങ്കരിയായ നസ്രിയ എന്ന മരുമകൾ, മകനും നടനുമായ ഫർഹാൻ ഫാസിൽ- താര പരിവേഷമുള്ള നാലുപേരും കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ ചേർന്നു നിൽക്കുന്ന ചിത്രം ഹൃദയം കവരും. ബ്ലൂ- വൈറ്റ് കളർ കോമ്പിനേഷനിലുള്ള വസ്ത്രങ്ങളിലാണ് എല്ലാവരും എന്നതാണ് മറ്റൊരു കൗതുകമുള്ള കാര്യം. ഫഹദിനും ഫർഹാനുമൊപ്പം സഹോദരിമാരായ അഹമ്മദയും ഫാത്തിമയും അവരുടെ ഭർത്താക്കന്മാരും ചിത്രത്തിലുണ്ട്.
Picture perfect എന്നാണ് ഈ കുടുംബചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. 2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്രിയയും വിവാഹിതരായത്. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഫഹദിന്റെ നിർമ്മാണകമ്പനിയുടെ പ്രവർത്തനങ്ങളിലും സജീവമാണ് നസ്റിയ ഇപ്പോൾ.
നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്നാണ് ഫഹദ് ഫാസിൽ ഒരിക്കൽ പറഞ്ഞത്. ‘അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്,” മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞതിങ്ങനെ.
Read more: നസ്രിയയുടെ പ്രിയപ്പെട്ട ഓറിയോ; പുതിയ വീഡിയോ കാണാം