ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശന് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധായകന് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്ക് എത്തിച്ചിരിക്കുന്നത്. “കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ !” എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്.
‘ഒരു ഇന്ത്യൻ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും കൈകോർക്കുന്ന ചിത്രമാണ് ‘ഞാൻ പ്രകാശൻ’. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്.
‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കൽ മലയാളി യുവാവാണ് പ്രകാശൻ’ എന്നാണ് സത്യൻ അന്തിക്കാട് ‘പ്രകാശ’നെ വിശേഷിപ്പിച്ചത്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.
‘അരവിന്ദന്റെ അതിഥികൾ’, ‘ലവ് 24X7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാൽജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ്.കുമാറാണ്. ഷാൻ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
Read More: സത്യന് അന്തിക്കാടിന്റെ കൈയ്യൊപ്പുള്ള ഫഹദ് ഫാസില്‍ ചിത്രം: ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക്