scorecardresearch
Latest News

ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ല; വിശദീകരണവുമായി ഫിയോക്ക്

ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം

ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ല; വിശദീകരണവുമായി ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് വിശദീകരണവുമായി ഫിയോക്ക് എത്തിയിരിക്കുന്നത്.

തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിൽ തിയേറ്റർ ഉടമകൾ പ്രതിഷേധം അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിയോക് യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് ഫിയോക്ക് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

” ഫഹദ് ചിത്രങ്ങൾക്ക് ഫിയോക് തിയേറ്ററിൽ വിലക്ക് ഏർപ്പെടുത്തി എന്ന രീതിയിൽ ന്യൂസ് ചാനലുകളിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടുു. ഫിയോക് സംഘടനകൾക്ക് ഫഹദുമായേോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളുമായോ യാതൊരുവിധ പ്രശ്നവുമില്ല. എല്ലാവരുമായും നല്ലൊരു ബന്ധമാണ് ഫിയോക് കാത്തുസൂക്ഷിക്കുന്നത്.” ഫിയോക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് സീ യൂ സൂൺ, ജോജി, ഇരുൾ എന്നിങ്ങനെ ഫഹദിന്റെ മൂന്നു ചിത്രങ്ങളാണ് ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയത്. സീയൂ സൂൺ, ജോജി എന്നിവ ആമസോൺ പ്രൈം വീഡിയോയിലും ഇരുൾ നെറ്റ് ഫ്ളിക്സിലുമാണ് സ്ട്രീം ചെയ്തത്. മൂന്നു ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.

Read more: ഫഹദിന്റെ ഓടിടി റിലീസ് ചിത്രങ്ങളുടെ റിവ്യൂ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Fahad faasil ott release films fiyok issue