പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’ ജൂലൈ 4ന് റിലീസ് ചെയ്യുകയാണ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത്‌ നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്നൊരു പ്രത്യേകതയും കൂടിയുണ്ട് ഈ ചിത്രത്തിന്. സിനിമയിലേക്ക് മടങ്ങി വന്ന നസ്രിയയെ ആശംസിച്ചു കൊണ്ട് ഫഹദ് ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ പ്രേക്ഷകര്‍ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഫഹദിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.

“ഫഹദ് ഫാസില്‍ ‘കൂടെ’യെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെ ഇഷ്‌ടപ്പെട്ടു, മാത്രമല്ല നാല് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. ‘ബാംഗ്ലൂര്‍ ഡേയ്സ്’ ചിത്രീകരണത്തിന്റെ അവസാന ദിവസം അവിടെ നിന്നും പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ എല്ലാവരും കുറച്ചു ‘സെന്റി’ ആയി. അതുകൊണ്ട് ഡിന്നറിന് ഒരുമിച്ച് കൂടാന്‍ തീരുമാനിച്ചു. ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, റിന്ന, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നര്‍ സമയത്ത് ഫഹദ്-നസ്രിയ വിവാഹം സംസാര വിഷയമായി. വിവാഹം കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്ന് ഒരു പൊതു ധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നില നില്‍ക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് ദേഷ്യം പിടിച്ച് ഫഹദ് എന്നോട് പറഞ്ഞു,’അഞ്ജലീ, നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസ്‌റ്റ്‌ ചെയ്യൂ പ്ലീസ്, നസ്രിയ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല എന്ന് ആരാണ് കരുതുന്നത്?’ എന്ന്.

 

പെട്ടെന്ന് ഫഹദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്. ‘ബാംഗ്ലൂര്‍ ഡേയ്സ്’ കഴിഞ്ഞു എന്റെ സിനിമയില്‍ നസ്രിയ അഭിനയിക്കുമ്പോള്‍ ഫഹദ് ഇടയ്‌ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു, നസ്രിയ അഭിനയിക്കുന്നത് കാണാന്‍. അവരെക്കുറിച്ചോര്‍ത്തു വളരെ സന്തോഷം തോന്നുന്നു. ഫഹദിനോട് എനിക്ക് അപ്പോഴൊന്നും കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല; ഷൂട്ടിങ് തിരക്കുകളിലായിരുന്നത് കൊണ്ട്. എനിക്ക് നിങ്ങളോട് ഇത്രയും പറയണം എന്നുണ്ട്, ഫഹദ്, നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ്. അതൊരു വലിയ കാര്യമാണ്. ‘കൂടെ’യ്‌ക്ക് നല്‍കിയ ആശംസകള്‍ക്ക് നന്ദി. എന്നും സന്തോഷമായിരിക്കൂ – ഫ ഫാ (ഫഹദ് ഫാസില്‍), ന ന (നസ്രിയ നസിം)!”

Image may contain: 1 person, smiling, outdoor and nature

‘കൂടെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്‌തുകൊണ്ട് ഫഹദ് എഴുതിയ കുറിപ്പ് ഇതാണ്.

”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്‌ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വായിക്കാം: നാലു വര്‍ഷങ്ങള്‍ അവള്‍ വേണ്ടന്ന് വച്ചത് എനിക്ക് വേണ്ടിയായിരുന്നു

ഊട്ടിയിലായിരുന്നു ‘കൂടെ’യുടെ ചിത്രീകരണം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ