‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘ഞാന്‍ പ്രകാശന്റെ’ ടീസര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ സൂചന നല്‍കിയതു പോലെ തമാശ നിറഞ്ഞൊരു ചിത്രമായിരിക്കും ‘ഞാന്‍ പ്രകാശന്‍’ എന്ന് ടീസറും ഉറപ്പു നല്‍കുന്നു.
ഒരു കല്യാണ സദ്യയില്‍ നിന്നുമാണ് ടീസര്‍ ആരംഭിക്കുന്നത്. പ്രകാശനായി എത്തുന്ന ഫഹദിന്റെ മാനറിസങ്ങളും നിഷ്‌കളങ്കതയുമൊക്കെ തന്നെയാണ് ടീസറിന്റെ ആകര്‍ഷണീയത. മറ്റു കഥാപാത്രങ്ങളയൊന്നും ടീസറില്‍ അവതരിപ്പിക്കുന്നില്ല. പോസ്റ്ററില്‍ കണ്ട നായ ഓടിക്കുന്ന രംഗവും ടീസറിലുണ്ട്. ഹിറ്റ് ചിത്രമായ വരത്തന് ശേഷം ഒരു മുഴുനീള ഫീല്‍ ഗുഡ് ചിത്രമായിരിക്കും ഞാന്‍ പ്രകാശനിലൂടെ ഫഹദ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ടീസര്‍ സൂചിപ്പിക്കുന്നു.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ട്.
‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍’ എന്നാണ് സത്യന്‍ അന്തിക്കാട് ‘പ്രകാശ’നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.
‘അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്.