ഫഹദ് ഫാസിലിന്റെ അഭിനയം പലപ്പോഴും മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു എന്ന് സംവിധായകന് സത്യന് അന്തിക്കാട്. ഫഹദും സത്യന് അന്തിക്കാടും കൈകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ഞാന്‍ പ്രകാശനു’മായ ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
“ഫഹദ് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു. കുറച്ചു കാലം മുന്‍പ് ‘ഞാന്‍ പ്രകാശന്’ എടുത്തിരുന്നെങ്കില്‍ അതിലെ കേന്ദ്ര കഥാപാത്രം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിച്ചേനെ. കഥാപാത്രമായി മാറുമ്പോഴുള്ള ഫഹദിന്റെ ഭാവങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. തന്റെ എല്ലാ റോളുകളേയും ‘പാഷനോ’ട് കൂടിയാണ് ഫഹദ് സമീപിക്കുന്നത്. അത് കൊണ്ടാണ് ഫഹദ് ഒരു ‘നാച്ചുറല്‍ ആക്ടര്‍’ ആവുന്നതും.”, സത്യന് അന്തിക്കാട് പറഞ്ഞതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം വരവില്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസില്‍. ഒരു ഫഹദ് ചിത്രത്തിനായുള്ള കാത്തിരിപ്പു പോലും ആരാധകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന ഒരനുഭവമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യുന്ന നടന്. തനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെ മാത്രമേ ഏറ്റെടുക്കൂ എന്നു പറയുന്ന നടന്. ‘കാര്‍ബണ്‍’, ‘വരത്തന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദിന്റെ ഈ വര്‍ഷത്തെ റിലീസാണ് ‘ഞാന്‍ പ്രകാശന്’.
Read More: Njan Prakashan Review: ഒരു ക്ലീന്‍ ഫാമിലി എന്റര്ടെയ്നര്: ‘ഞാന്‍ പ്രകാശന്’ റിവ്യൂ
‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിനു ശേഷം സത്യന് അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം, പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് ‘ഞാന്‍ പ്രകാശന്’ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഖില വിമലാണ് പ്രകാശന്റെ നായിക.
“മറ്റൊരുപാട് തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ജോലി ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനുമായുള്ള എന്റെ ബന്ധം വളരെ സ്പെഷ്യല്‍ ആണ്. ഒരുമിച്ചു പ്രവര്‍ത്തിക്കാതിരുന്ന കാലഘട്ടത്തിലും ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. വേറെ പ്രൊജക്റ്റുകളുമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മാത്രമാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഞങ്ങള്‍ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് സിനിമ സംഭവിക്കുന്നത്.”, ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടിനെക്കുറിച്ച് സത്യന് അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ.
Read More: സത്യന് അന്തിക്കാടിന്റെ കൈയ്യൊപ്പുള്ള ഫഹദ് ഫാസില്‍ ചിത്രം: ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക്