കൊച്ചി: കോപ്പിയടി വിവാദത്തില്‍ നിന്നും വിട്ടുനില്ക്കാനാകില്ല ഗോപി സുന്ദറിന്. ഇക്കാര്യം ഗോപി സുന്ദര്‍ തന്നെ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ ഗോപി സുന്ദര്‍ ഇപ്പോള്‍ ട്രോളര്‍മാരുടെ പ്രിയ താരമാണ്. സ്ഥിരമായി സംഗീതം കോപ്പിയടിച്ച് ട്രോളര്‍മാരുടെ കൈയ്യില്‍ നിന്നും ട്രോളുകള്‍ നിരവധി ഏറ്റുവാങ്ങിയിട്ടുണ്ട് ഈ സംഗീത സംവിധായകന്. ഇന്നിതാ ട്രോളന്മാരെ ട്രോളാന്‍ നോക്കി ട്രോളേറ്റു വാങ്ങിയിരിക്കുകയാണ് സംഗീത സംവിധായകന്.
‘താന്‍ ജോലി തുടങ്ങിയെന്നും നായകള്‍ കുരക്കാന്‍ തുടങ്ങിക്കൊള്ളൂ’വെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതൊരു തമാശ മാത്രമാണെന്നും താന്‍ എടുക്കുന്നതു പോലെ ഇത് സ്പോര്‍ട്സ്മാൻ സ്പിരിറ്റില്‍ നിങ്ങളും എടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ആരാധകന്റെ മറുപടിയാണ് ശ്രദ്ധിക്കപ്പെട്ടത്. ‘നായ കുരക്കുന്നത് കള്ളനെ കാണുമ്പോഴാണെന്നും ജോലി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അല്ലെന്നും ഒരാള്‍ കമന്റ് ചെയ്തു.
മറുപടിക്ക് നിരവധി ലൈക്കുകളും ലഭിച്ചു. മുന്‍കാലത്തെ പോലെ തന്നെ ട്രോളുകളും വന്നുതുടങ്ങി. നേരത്തേ സ്വന്തം പാട്ടില്‍ നിന്നു തന്നെ ഗോപി സുന്ദര്‍ കോപ്പി അടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ദുല്‍ഖറിന്റെ സിഐഎയിലെ പുതിയ ഗാനത്തിനും ദിലീപിന്റെ ടു കണ്ട്രീസ് ടൈറ്റിൽ സോങിനും സാമ്യമുണ്ടെന്നാണ് ആരോപണം.
മാത്രമല്ല, ടു കണ്ട്രീസിന് നിന്നാണ് സിഐഎ കോപ്പിയടിച്ചെന്ന് പറയുന്നതെങ്കില്‍ ടു കണ്ട്രീസിലെ ഗാനം ഡെസ്പരാഡോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് എടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കൂട്ടരുടെ കണ്ടെത്തല്‍. ഡെസ്പരാഡോയിലെ ലോസ് ലോബോസ് എന്ന റോക്ക് ബാന്‍ഡ് ഈണമിട്ട ഗാനമാണിത്.
ഇതിനുമുമ്പും കോപ്പിയടി വിവാദം ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന നിലപാടാണ് ഗോപി സുന്ദറിന്.