തമിഴകത്തിന് നല്ല സിനിമകളുടെ പൂക്കാലം സമ്മാനിച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2018. സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും ബോൾഡായ സിനിമകൾ പിറന്ന ഒരിടം എന്ന രീതിയിലും തമിഴകം സ്കോർ ചെയ്ത വർഷമായിരുന്നു ഇത്. പ്രമേയം കൊണ്ടും ട്രീറ്റ്‌മെന്റ് കൊണ്ടും വ്യത്യസ്തമായ നിരവധിയേറെ സിനിമകളാണ് തമിഴിൽ ഈ വർഷം ഉണ്ടായത്. സ്റ്റാർ വാല്യുവിനേക്കാൾ കഥയ്ക്കും പ്രമേയത്തിനും പ്രാധാന്യം നൽകുന്ന സിനിമകളായിരുന്നു ഇവയിലേറെയും. ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘നടികർ തിലകം’, ‘രാക്ഷസൻ’, ‘കനാ’, ‘കോലമാവ് കോകില’ എന്നു തുടങ്ങി തരംഗമായ ’96’ വരെ നീളുന്ന നിരവധി ചിത്രങ്ങളാണ് തമിഴകത്തിനു പുറത്തും നിരൂപകപ്രശംസ നേടിയെടുത്തു.

പരിയേറും പെരുമാൾ

തമിഴ് സിനിമ ഈ വർഷം കണ്ട ഏറ്റവും ബോൾഡായ സിനിമ ഏതെന്ന ചോദ്യത്തിന് രണ്ടാമതൊന്നു ആലോചിക്കാതെ പറയാവുന്ന ഒരുത്തരമാണ് ‘പരിയേറും പെരുമാൾ’. മുൻനിര സംവിധായകർ പോലും കൈകാര്യം ചെയ്യാൻ മടിക്കുന്ന ഒരു വിഷയം ഏറ്റെടുത്ത് മുന്നോട്ടുവന്ന മാരീ സെൽവരാജൻ എന്ന പുതുമുഖസംവിധായകർ ‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിന് നൽകുന്ന പ്രത്യാശ ചെറുതല്ല. സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി പോലൊരു ചിത്രമെന്നുതന്നെ ‘പരിയേറും പെരുമാളി’നെ വിശേഷിപ്പിക്കാം. മാനവികതയ്ക്ക് എതിരെ നിൽക്കുന്ന ജാതി, മതം തുടങ്ങിയ വിഷയങ്ങളെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കതിർ എന്ന നടനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം, സമൂഹത്തിലെ ജാതി മേധാവിത്വം, വിദ്യാഭ്യാസ സമ്പ്രദായം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലേക്കു കൂടിയാണ് വെളിച്ചം വീശുന്നത്. പ്രമേയത്തിന്റെ കെട്ടുറപ്പിനൊപ്പം തന്നെ സാങ്കേതികവശങ്ങളിലും ഛായാഗ്രഹണത്തിലും പശ്ചാത്തലസംഗീതത്തിലുമെല്ലാം മികവു പുലർത്തിയ ചിത്രമാണ് ‘പരിയേറും പെരുമാൾ’.

നടികർ തിലകം

ഒരു നടിയുടെ ജീവിതം പറയുന്ന ബയോപിക് ചിത്രം നൂറുശതമാനം കൺവീൻസിംഗ് ആയി ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പൊയ്പോയ ഒരു സുവർണകാലത്തിന്റെ പശ്ചാത്തലം പുനരാവിഷ്കരിക്കുമ്പോൾ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ഏറെ ഗവേഷണങ്ങൾ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഏറ്റവും സ്വീകാര്യമായ രീതിയിൽ മഹാനടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രം ഒരുക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ നാഗ് അശ്വിനും ടീമിനും അർഹതപ്പെട്ടതാണ്.

ജെമിനി ഗണേശനായി അഭിനയിച്ച ദുൽഖർ സൽമാനും സാവിത്രിയായി അഭിനയിച്ച കീർത്തിയും തമ്മിലുള്ള പ്രണയസീനുകൾ ചിത്രത്തിന് ആകമാനം സൗന്ദര്യം നൽകിയ ഘടകങ്ങളാണ്. ജെമിനി ഗണേശനെയും സാവിത്രിയേയും അവതരിപ്പിക്കാൻ ഇവരോളം നന്നായി മറ്റാരുമില്ലെന്ന് തോന്നുന്ന രീതിയിൽ ദുൽഖറും കീർത്തിയും കഥാപാത്രങ്ങളെ അനശ്വരമാക്കി. ചിത്രത്തിലെ കീർത്തിയുടെ ഡിസൈനർ സാരികളും കൊത്തുപണികളുള്ള വിന്റേജ് ആഭരണങ്ങളും കാഴ്ചയ്ക്ക് വിഷ്വൽ ട്രീറ്റ് തന്നെയാണ് സമ്മാനിച്ചത്.

ചെക്ക ചിവന്ത വാനം

ഒരു ആക്ഷൻ ഗ്യാങ്ങ്സറ്റർ സിനിമ ഒരുക്കി തിയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെയും എത്തിക്കാൻ മണിരത്നത്തിനു മാത്രമേ കഴിയൂ എന്നു പറഞ്ഞാൽ അതൊരു അതിശയോക്തി ആവില്ല. പണത്തിനോടും പദവിയോടുമുള്ള മനുഷ്യന്റെ ആർത്തി അടുത്ത ബന്ധങ്ങളെ പോലും എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചു പറഞ്ഞ ചിത്രമായിരുന്നു മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’. വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, അരുൺ വിജയ് എന്നിങ്ങനെ നാലു പ്രധാന നടന്മാർക്കും തുല്യപ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. കഴിഞ്ഞ 35 വർഷമായി സിനിമയിലെ സജീവ സാന്നിധ്യമായ മണിരത്നം ഇപ്പോഴും മുഖ്യാധാര സിനിമകളുടെ അതിർത്തികളും പരമിതികളും ബ്രേക്ക് ചെയ്ത് കഥ പറച്ചിലിന് പുതിയ വഴികൾ തേടുകയാണ്. മാറുന്ന സിനിമയ്ക്കൊപ്പം അതേ വേഗതയിൽ തന്നെ സഞ്ചരിക്കാനുള്ള മണിരത്നത്തിന്റെ ശ്രമങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.

96

പ്രണയത്തിൽ വിശ്വാസം നഷ്ടമായ ഒരാളുടെ കണ്ണുകളിൽ പോലും കണ്ണീരു സമ്മാനിക്കുന്നൊരു ചിത്രമായിരുന്നു ’96’. ഭൂമി മൊത്തം പിടിച്ചുകുലുക്കുന്ന ഒരു ഗംഭീരൻ പ്രണയകഥയൊന്നുമല്ല 96 പറഞ്ഞത്. പക്ഷേ ഹൃദയത്തോട് സംവദിക്കുന്ന വളരെ സ്പെഷ്യലായ എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടായിരുന്നു എന്നു പറയേണ്ടിവരും. അതുതന്നെയാവാം ’96’ നെ ഒരു തരംഗമായി മാറ്റിയത്. പ്രണയം, നിസ്സഹായത, ഓർമ്മകൾ, ജീവിതം തുടങ്ങിയ ബിംബങ്ങളെയെല്ലാം ശരിയായ രീതിയിൽ ക്യാപ്ച്ചർ ചെയ്യാൻ സംവിധായകൻ പ്രേംകുമാറിനു സാധിച്ചിട്ടുണ്ട്. ഒരു സ്കൂൾ റീയൂണിയന് ഇടയിൽ സാഹചര്യങ്ങൾ കൊണ്ട് വേർപ്പെട്ടുപോയ രണ്ടുപേർ വീണ്ടുമൊത്തുകൂടി അവരുടെ നഷ്ടങ്ങളുടെ ആഴവും പരസ്പരം അറിയാതെയും പറയാതെയും പോയ സ്നേഹവും കാത്തിരിപ്പുമൊക്കെ മനസ്സിലാക്കുകയാണ്.

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിനു ശേഷം സിനിമാപ്രേക്ഷകർ ഏറ്റെടുത്ത തൃഷയുടെ കഥാപാത്രമാണ് ’96’ ലെ ജാനു. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു വേഷമായിരുന്നു റാം. ’96’ ന്റെ രസച്ചരട് പൊട്ടാതെ കാത്തതിൽ ഗോവിന്ദ് വസന്ത എന്ന മ്യൂസിക് ഡയറക്ടർക്കും പ്രധാന റോളുണ്ട്. ‘കാതലേ…. കാതലേ’ എന്ന ഗാനത്തിന് വളരെ മാസ്മരികമായൊരു ട്യൂൺ ഗോവിന്ദ് നൽകിയപ്പോൾ 2018 ൽ തമിഴകവും മലയാളികളും ഏറ്റവും കൂടുതൽ പാടിനടന്ന പാട്ടുകളിൽ ഒന്നെന്ന വിശേഷണവും ആ ഗാനം സ്വന്തമാക്കി.

കനാ

പ്രമേയം കൊണ്ട് ‘ദംഗൽ’, ‘ചക് ദേ ഇന്ത്യ’ പോലുള്ള സ്പോർട്സ് സിനിമാഗണത്തിൽ കൂട്ടാമെങ്കിലും ‘ഇരുധി സുട്രു’ എന്ന ചിത്രത്തിനു ശേഷം തമിഴിൽ ഉണ്ടായ​ ഏറ്റവും രസകരമായ സ്പോർട്സ് ഡ്രാമയാണ് ‘കനാ’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കണമെന്ന് സ്വപ്നം കാണുന്ന ഒരുൾനാടൻ പട്ടണത്തിലെ കൗസല്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. സ്പോർട്സിനോടുള്ള അവളുടെ ഇഷ്ടം അച്ഛനിൽ നിന്നും പകർന്നതാണ്. 2007 ലെ ലോകകപ്പിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോൾ കണ്ണീരണിഞ്ഞ ഒരച്ഛന്റെ മകളാണ് കൗസല്യ. ആ കണ്ണീരു കണ്ട് കൗസല്യയെന്ന കുട്ടിയുടെ ഉള്ളിൽ വളർന്ന പ്രണയമായിരുന്നു ക്രിക്കറ്റ് എന്നത്. അച്ഛന്റെ മുഖത്ത് നഷ്ടപ്പെട്ട ചിരി തിരിച്ചു കൊണ്ടുവരാനായി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാവാൻ ആ പെൺകുട്ടി ആഗ്രഹിക്കുന്നു. ഏറ്റവും ആധികാരികമായി തന്നെ കൗസല്യയെ അവതരിപ്പിക്കാൻ ഐശ്വര്യ രാജേഷിനു സാധിക്കുന്നുണ്ട്. ഒരു സ്പോർട്സ് ചിത്രം എന്നതിനപ്പുറത്തേക്ക്, കൊടുംവരൾച്ചയ്ക്ക് ശേഷം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു കർഷകന്റെ പോരാട്ടങ്ങളെ കൂടി മനോഹരമായി ആവിഷ്കരിക്കുന്നുണ്ട് ‘കനാ’.

വട ചെന്നൈ

സ്നേഹം, ചതി, പ്രതികാരം, അക്രമം എന്നിവയെ കുറിച്ചെല്ലാം പറഞ്ഞുപോകുന്ന കടുപ്പമുള്ളൊരു കഥയാണ് വെട്രിമാരൻ ‘വട ചെന്നൈ’യിലൂടെ പറയുന്നത്. താൻ പറയാൻ പോകുന്ന കഥയുടെ പശ്ചാത്തലങ്ങൾ കൂടുതൽ മനസ്സിലാക്കാനായി അതാത് പ്രദേശങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനും വിഷയത്തെ ആഴത്തിൽ മനസ്സിലാക്കാനും ശ്രമിക്കുന്ന സംവിധായകൻ കൂടിയാണ് വെട്രി. ആ ശ്രമങ്ങൾ തന്നെയാവാം വെട്രിമാരന്റെ കഥാപാത്രങ്ങൾക്ക് ഇത്രയേറെ തന്മയത്വം സമ്മാനിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ ചിത്രം എന്ന രീതിയിൽ എത്തുമ്പോഴും ധനുഷിന്റെ അൻപുവും ഐശ്വര്യ രാജേഷിന്റെ പദ്മയും ഒന്നിക്കുന്ന മനോഹരമായ സീനുകളും ചിത്രത്തിലുണ്ട്. അൻപുവിന്റെയും പദ്മയുടെയും പ്രണയത്തിന്റെ ഭാഗമാകാതിരിക്കാൻ പ്രേക്ഷകന് കഴിയില്ല. നിരവധി ലെയറുകളുള്ള ‘വട ചെന്നൈ’യുടെ സ്ക്രിപ്റ്റിന് ജീവൻ നൽകുന്നത് വെൽരാജിന്റെ മനോഹരമായ ദൃശ്യങ്ങളും സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതവുമാണ്.

രാക്ഷസൻ

ഈ വർഷം ഐഎംഡിബിയുടെ ലിസ്റ്റിൽ രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രമായും സൗത്ത് ഇന്ത്യൻ സിനിമാ വിഭാഗത്തിലെ മികച്ച ഒന്നാമത്തെ ചിത്രമായും തെരെഞ്ഞെടുക്കപ്പെട്ടത് രാം കുമാർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ‘രാക്ഷസൻ’ ആയിരുന്നു. സിനിമാസംവിധായകനാവാൻ ആഗ്രഹിച്ച ഒരു പൊലീസുകാരൻ, മനോരോഗിയായ ഒരു സീരിയൽ കില്ലറെ കണ്ടെത്തുന്ന കഥയാണ് ‘രാക്ഷസൻ’ പറഞ്ഞത്. നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും സിനിമ ഇടയ്ക്ക് പ്രേക്ഷകരെ എന്റർടെയിൻ ചെയ്തു കൊണ്ടുപോവുന്നതിൽ പരാജയപ്പെട്ടു പോവുന്നുണ്ട്. എന്നാൽ ബുദ്ധിപൂർവ്വം നിർമിച്ച രണ്ടാം പകുതി ത്രസിപ്പിക്കുന്ന രീതിയിലായിരുന്നു. നീട്ടിവലിച്ച ക്ലൈമാക്സ് സീൻ മുഷിച്ചിൽ ഉണ്ടാക്കുമെങ്കിലും രസകരമായി ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘രാക്ഷസൻ’. ഗിബ്രാന്റെ പശ്ചാത്തല സംഗീതവും പിവി ശങ്കറിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മികവേകി. ശരവണൻ, രാംദോസ്, അഭിരാമി, അമലാപോൾ എന്നിവരുടെ അഭിനയവും ശ്രദ്ധ നേടി.

യു ടേൺ

ടൈറ്റിൽ പോലെ തന്നെ ഏറെ യു ടേണുകളുള്ള ഒരു ചിത്രമായിരുന്നു സാമന്ത കേന്ദ്രകഥാപാത്രമായി എത്തിയ ‘യു ടേൺ’. ‘യുടേൺ’ എന്ന കന്നടചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഇത്. ഒർജിനൽ ചിത്രം കണ്ടിട്ടില്ലെങ്കിൽ, പ്രേക്ഷകരെ ആദ്യാവസാനം കൊളുത്തിവലിക്കുന്ന രീതിയിലുള്ള കഥാഖ്യാനമാണ് ‘യുടേൺ’ സമ്മാനിക്കുക. ഒരു പത്രമോഫീസിൽ ജോലി ചെയ്യുന്നവളാണ് രചന. അപ്രതീക്ഷിതമായി നഗരത്തിൽ നടന്ന ഒരു കൊലപാതകം രചനയുടെ ജീവിതത്തെയും ബാധിക്കുന്നു. ഇടയ്ക്ക് രചന തകർന്നുപോവുമ്പോഴും സിനിമയെ മുന്നോട്ടു കൊണ്ടുപോവുന്നത് പവൻ കുമാർ ആണ്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും പുതിയ വഴിത്തിരിവുകളുമൊക്കെയായി പ്രേക്ഷകർക്ക് ഊഹാപോഹങ്ങൾ നൽകി സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് പവൻകുമാർ ആണ്. കഥ പുരോഗമിക്കും തോറും പ്രേക്ഷകരുടെ ശ്രദ്ധയും സ്നേഹവും സാമന്ത സ്വന്തമാക്കുന്ന കാഴ്ചയാണ് ‘യൂടേൺ’ സമ്മാനിക്കുന്നത്.

മെർക്കു തൊടർച്ചി മലൈ

വലിയ താരങ്ങളോ സംവിധായകനോ ഇല്ലാതിരുന്നിട്ടുകൂടി തീർത്തും വ്യത്യസ്തമായൊരു സിനിമാനുഭവം പകർന്ന് വിജയിച്ച ചിത്രമാണ് ‘മെർക്കു തൊടർച്ചി മലൈ’. പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുകയായിരുന്നു പുതുമുഖസംവിധായകനായ ലെനിൻ ഭാരതി. ചിത്രത്തിന്റെ റിയൽ സ്വഭാവം നിലനിർത്താൻ വേണ്ടി നടീനടന്മാരെ ദൈനംദിന വേതന തൊഴിലാളികളാക്കി മാറ്റാൻ വരെ സംവിധായകൻ ശ്രമിച്ചു. അതുവഴി കഥാപാത്രങ്ങളുടെ പരിതസ്ഥിതികൾ കൂടുതൽ അടുത്തു മനസ്സിലാക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്.

‘മേരു തൊടിച്ചി മലൈ’യിൽ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം ആ പ്രദേശത്തെ കുറിച്ചു കൂടിയാണ് പ്രതിപാദിക്കുന്നത്. പശ്ചിമഘട്ടത്തിലെ ആളുകളെ ഒരു തരത്തിലും വിമർശിക്കാതെ തന്നെ, ആളുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ വൈകാരികമായ രീതിയിൽ പറഞ്ഞുപോവുകയാണ് ലെനിൻ. വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ, സമകാലിക തമിഴ് സിനിമയിൽ തന്നെ അപൂർവ്വമായിരിക്കും ഇത്. പെട്ടെന്ന് പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്ന ചിത്രമല്ല, പതിയെ കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുകയാണ് ചിത്രം. മലനിരകളിൽ താമസിക്കുന്ന ആ ഏലം തൊഴിലാളികൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങുന്ന ഒരു ആസ്വാദനത്തിന്റെ തലത്തിലാണ് ചിത്രം കൊണ്ടെത്തിക്കുന്നത്.

കോലമാവ് കോകില

അമ്മയുടെ ക്യാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടി മയക്കുമരുന്ന് കടുത്ത് ചെയ്യാൻ നിർബന്ധിതയാവുകയാണ് കോകില. ഡാർക്ക് ഹ്യൂമറിന്റെ അകമ്പടിയിൽ കോകിലയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പറഞ്ഞു പോവുന്ന ‘കോലമാവ് കോകില’ 2008 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രേക്ഷകനു എണിറ്റു നിന്നു വിസിൽ അടിക്കാൻ തോന്നുന്ന നിരവധി നിമിഷങ്ങൾ ചിത്രം കാത്തുവെക്കുന്നുണ്ട്. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ നിന്നുകൊണ്ട് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് മികച്ചൊരു സന്ദേശമാണ് നവാഗത സംവിധായകനായ നെൽസൺ ദിലിപ്‌കുമാർ ചിത്രത്തിലൂടെ നൽകിയത്. നയൻതാരയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ് കോകില. യോഗിബാബു നയൻതാരയെ പ്രപ്പോസ് ചെയ്യുന്ന സീൻ ചിത്രത്തിലെ ഐക്കോണിക് സീനുകളിൽ ഒന്നാണ്. ശരണ്യ പൊൻവണ്ണൻ, ആർ എസ് ശിവജി, ശരവണൻ, മൊട്ട രാജേന്ദ്രൻ എന്നിവരും മികച്ച അഭിനയം കാഴ്ച വെച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook