ഇന്ത്യ സന്ദർശനത്തിന് എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി ബോളിവുഡ് താരങ്ങൾ മുംബൈയിൽ വിരുന്നൊരുക്കി. ബോളിവുഡിലെ മുൻനിര താരങ്ങളൊക്കെ വിരുന്നിൽ പങ്കെടുത്തു. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുകമകൾ ഐശ്വര്യ റായ് എന്നിവരും വിരുന്നിൽ പങ്കെടുക്കാനെത്തി. എന്നാൽ വിരുന്ന് വിരുന്ന് ശ്രദ്ധേയമായത് മറ്റൊരു കാരണത്താൽ ആയിരുന്നു. 10 വർഷങ്ങൾക്കിറപ്പും ഐശ്വര്യയും മുൻ കാമുകൻ വിവേക് ഒബ്റോയും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തു. 2003 ൽ വേർപിരിഞ്ഞശേഷം ഒരുമിച്ച് ഒരു പരിപാടിയിൽ എത്തുന്നത് ഇരുവരും ഒഴിവാക്കിയിരുന്നു.

മുംബൈയിൽ ഇന്നലെ നടന്ന വിരുന്നിൽ ഭർത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. കറുപ്പ് നിറമുളള എംബ്രോയിഡറി വർക്കുകൾ ചെയ്ത സാരിയായിരുന്നു ഐശ്വര്യയുടെ വേഷം. വിവേക് ഒബ്റോയ് ഭാര്യ പ്രിയങ്കയ്ക്ക് ഒപ്പമാണ് എത്തിയത്. വിരുന്നിനിടയിൽ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഒപ്പം പകർത്തിയ സെൽഫിയിൽ ഇരുവർക്കും ഒരുമിക്കേണ്ടി വന്നു. അമിതാഭ് ബച്ചനായിരുന്നു സെൽഫി പകർത്തിയത്.

സെൽഫിക്കായി ഒരുമിച്ച് എത്തിയെങ്കിലും ഐശ്വര്യയും വിവേകും സംസാരിച്ചില്ല. വിവേകിനെ കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ ഐശ്വര്യ ഭർത്താവ് അഭിഷേകിനൊപ്പം നിന്നതായാണ് റിപ്പോർട്ടുകൾ. പരിപാടി കഴിയുന്നതുവരെ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേക് ഉണ്ടായിരുന്നു.

സൽമാൻ ഖാനുമായുളള പ്രണയത്തകർച്ചയ്ക്കുശേഷമാണ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ അടുക്കുന്നത്. ബോളിവുഡിൽ സൂപ്പർ താരമായി വിവേക് വളർന്നുവരുന്ന സമയമായിരുന്നു അത്. എന്നാൽ 2003 ൽ വാർത്താസമ്മേളനത്തിൽ വിവേക് ചില വെളിപ്പെടുത്തലുകൾ നടത്തി. ഐശ്വര്യയുമായുളള ബന്ധത്തിന്റെ പേരിൽ സൽമാൻ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വിവേക് പറഞ്ഞത്. ഇതോടെ വിവേകിൽനിന്നും ഐശ്വര്യ അകന്നു. വിവേകുമായി വേർപിരിഞ്ഞ ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ