ഓസ്കർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിക്കുന്ന അവസാന അഞ്ചിൽ ഇടംപിടിച്ചിരിക്കുകയാണ് ‘റൈറ്റിങ് വിത് ഫയർ’. മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഓസ്കർ നോമിഷൻ പട്ടികയിൽ തന്റെ ചിത്രവും ഇടം നേടിയതിന്റെ സന്തോഷത്തിലാണ് റിന്റു തോമസ്.
കുടുംബത്തിനൊപ്പമിരുന്നാണ് റിന്റു ഓസ്കർ നോമിനേഷൻ പ്രഖ്യാപനം കണ്ടത്. നോമിനേഷൻ പട്ടികയിൽ ‘റൈറ്റിങ് വിത് ഫയർ’ ഇടംനേടിയതും സന്തോഷത്താൽ റിന്റു തുള്ളിച്ചാടുകയായിരുന്നു. ഈ വീഡിയോ തന്റെ ട്വിറ്റർ പേജിൽ റിന്റു പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം സ്വദേശിയാണ് റിന്റു. ഡൽഹിയിലാണ് താമസം. യുപിയിൽ മധ്യപ്രദേശ് അതിർത്തിയിലുളള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് ‘റൈറ്റിങ് വിത്ത് ഫയർ’. കവിത ദേവി, മീര ജാതവ് എന്നീ സ്ത്രീകൾ ആരംഭിച്ച ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തെക്കുറിച്ചുള്ളതാണ് ഈ സിനിമ.
2002ൽ ഡൽഹി ആസ്ഥാനമായുള്ള എൻജിഒ നിരന്തർ ബുന്ദേൽഖണ്ഡ് മേഖലയിലെ ചിത്രകൂടിൽ നിന്നാണ് പത്രം ആരംഭിച്ചത്. പ്രിന്റിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഖബർ ലഹരിയുടെ മാറ്റമാണ് റൈറ്റിങ് വിത്ത് ഫയറിൽ കാണിക്കുന്നത്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുകയും പൊലീസ് സേനയുടെ കഴിവുകേടിനെ അന്വേഷിക്കുകയും ജാതി, ലിംഗപരമായ അതിക്രമങ്ങൾക്ക് ഇരയായവരെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിനിടയിൽ മീരയും അവളുടെ സഹ പത്രപ്രവർത്തകരും പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടുന്നത് സിനിമയിൽ കാണിക്കുന്നു.
2021 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ റൈറ്റിംഗ് വിത്ത് ഫയർ പ്രേക്ഷക അവാർഡും പ്രത്യേക ജൂറി അവാർഡും നേടി. അതിനുശേഷം 20-ലധികം രാജ്യാന്തര അവാർഡുകൾ നേടിയിട്ടുണ്ട്.
Read More: ഗർഭകാലത്തെ മാറ്റങ്ങൾ സ്വാഭാവികം, അസ്വസ്ഥരാകേണ്ടതില്ല; ബോഡി ഷെയ്മിങ്ങിനെതിരെ കാജൽ അഗർവാൾ