കൊച്ചി: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് അവസാനം. അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചെന്ന് നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ പറഞ്ഞു. ഇതോടെയാണ് വിവാദത്തിന് അവസാനമായത്.
തനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കാതിരുന്നത് വംശീയ വിദ്വേഷമാണെന്നായിരുന്നു നേരത്തെ സാമുവല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രസ്താവന തെറ്റായിരുന്നുവെന്നും തെറ്റിദ്ധാരണ കാരണമാണ് അങ്ങനെ പറഞ്ഞതെന്നും സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളത്തില്‍ റേസിസമില്ലെന്നും സൗഹാർദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും താരം പറയുന്നു.
പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വംശീയ വിദ്വേഷമില്ലായിരുന്നുവെന്നും ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്‌മെന്റിന്റെ വിശദീകരണത്തില്‍ നിന്നും, ആശയവിനിമയത്തിലെ തകരാറായിരുന്നു വിവാദം സൃഷ്ടിച്ചതെന്ന് മനസിലായെന്നും സാമുവല്‍ പറയുന്നു. കേരളത്തില്‍ വംശീയവിദ്വേഷമില്ലെന്ന് പറഞ്ഞ സാമുവല്‍ തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ പിന്തുണ നല്‍കിയ മന്ത്രി തോമസ് ഐസക്കിനും മാധ്യമങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായും സാമുവല്‍. ഒപ്പം നിര്‍മ്മാതാക്കളായ ഷൈജു ഖാലിദിനോടും സമീര്‍ താഹിറിനോടും ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയയോടും വിദ്വേഷത്തോടെ പെരുമാറരുതെന്ന് എല്ലാവരോടും അപേക്ഷിക്കുകയും ചെയ്തു സാമുവല്‍.
അതേസമയം തനിക്ക് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം വംശീയ വിദ്വേഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ദ റെഡ് കാര്‍ഡ് ആന്റി റേസിസം സംഘടനയിലേക്ക് സംഭാവന ചെയ്യുമെന്നും സാമുവല്‍ അറിയിച്ചു.