മലയാളി ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന, കാലാതിവർത്തിയായി നിലനിൽക്കുന്ന നിരവധിയേറെ ഗാനങ്ങൾ നമുക്കുണ്ട്. ചില ഗാനങ്ങള്‍ മാധുര്യം കൊണ്ട് ഹൃദയത്തില്‍ ഇടം നേടിയെങ്കില്‍ ചിലവ ഹൃദയത്തില്‍ എവിടെയോ കൊളുത്തിവലിക്കുന്ന വരികള്‍ കൊണ്ടാണ് മനസ്സില്‍ കയറിപ്പറ്റുന്നത്. അങ്ങനെ ആസ്വാദകമനസ്സില്‍ എക്കാലവും നിലനില്‍ക്കുന്ന ഗാനങ്ങളുടെ ഭാഗമാവുക എന്നത് അഭിനേതാക്കളെ സംബന്ധിച്ചും വലിയ ഭാഗ്യമാണ്. ചലച്ചിതങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കൂടി ഗാനങ്ങളുടെ ജനപ്രീതി കാരണം അതിലെ അഭിനേതാക്കളും ശ്രദ്ധേയരാകുന്നു.
‘കിരീടം’ സിനിമയുടെ റിലീസിന്റെ മുപ്പതാം വർഷം പിന്നിടുന്നതിന്റെ ഭാഗമായി ചിത്രവുമായി’ ഓർമ്മകൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി പങ്കു വച്ചപ്പോൾ മുന്‍കാല താരം പാർവ്വതി എടുത്തു പറഞ്ഞ കാര്യവും ഇത് തന്നെയാണ്. മലയാളികൾ എന്നും പാടി നടക്കുന്ന അനേകം മനോഹര ഗാനരംഗങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതും അവർ ഓർത്തെടുത്തു.
“എന്റെ കരിയറിലെ മറ്റൊരു ഭാഗ്യം ഞാനഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളാണ്. എല്ലാവരും എപ്പോഴും ഓർത്തിരിക്കുന്ന ഒരുപാട് നല്ല ഗാനരംഗങ്ങളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ‘തൂവാനത്തുമ്പികൾ’, ‘ജാലകം’, ‘അധിപൻ’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ,” പാർവ്വതി പറഞ്ഞു. അവരുടെ ആ ഓര്‍മ്മപ്പെടുത്തലിന്റെ ഒപ്പം മനസ്സിലേക്ക് കയറി വന്ന ഒരു പിടി നിത്യഹരിത ഗാനങ്ങള്‍. പാർവ്വതി നായികയായി അഭിനയിച്ച സിനിമകളിലെ ചില മനോഹര ഗാനങ്ങള്‍.
പാടുവാനായ് വന്നു നിന്റെ പടി വാതിൽക്കൽ
സിബി മലയിൽ സംവിധാനം ചെയ്ത ‘എഴുതാപ്പുറങ്ങൾ’ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസ് ആണ്. ഒഎൻ വിയുടെ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി. ഹംസധ്വനി രാഗത്തിലുള്ള ഈ ഗാനം സംഗീതപ്രേമികളുടെ പ്രിയഗാനങ്ങളിൽ ഇന്നും നിത്യഹരിതതയോടെ നിലനിൽക്കുന്നു. സുഹാസിനി, അംബിക, പാർവ്വതി, മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു ‘എഴുതാപ്പുറങ്ങൾ.
ഒരു ദലം മാത്രം
‘ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു… തരളകപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു..,’ മലയാളികളുടെ പ്രിയഗാനങ്ങളിൽ എന്നും ഓർക്കപ്പെടുന്ന ഒന്നാണ് 1987 ൽ പുറത്തിറങ്ങിയ ‘ജാലകം’ എന്ന ചിത്രത്തിലെ ഈ ഗാനം. ഹരികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സുകുമാരി, ശ്രീവിദ്യ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, അശോകൻ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. ഒ എൻ വി കുറുപ്പ് എഴുതിയ ഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് എം ജി രാധാകൃഷ്ണനായിരുന്നു. അർത്ഥപൂർണമായ വരികളും കെ ജെ യേശുദാസിന്റെ ശബ്ദവും ഒത്തുച്ചേർന്നപ്പോൾ ഒരു കവിത പോലെ സുന്ദരമാവുകയായിരുന്നു ഈ ഗാനം. അമൃതവർഷിണി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലെ ‘മെല്ലെ മെല്ലെ, മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി, ഒരു കുടന്ന നിലാവിൻറെ കുളിരു കോരി..’ എന്നു തുടങ്ങുന്ന ഗാനമാണ് മറ്റൊന്ന്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാഷ് സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച ഗാനം ശുദ്ധസന്യാസി രാഗത്തിലുള്ളതാണ്. നെടുമുടി വേണു, ശാരദ, പാർവ്വതി, ദേവൻ, ഇന്നസെന്റ്, എം എസ് തൃപ്പൂണിത്തുറ, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ആ വർഷത്തെ കേരള സർക്കാറിന്റെ ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ചിത്രം നേടി കൊടുത്തു.
ഒന്നാം രാഗം പാടി
പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിലെ ‘ഒന്നാം രാഗം പാടി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിലും നിറഞ്ഞത് പാർവ്വതി ആയിരുന്നു. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സംഗീതം നൽകിയ ഗാനം ജി വേണുഗോപാലിന്റെയും എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നാണ്. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘തൂവാനത്തുമ്പികള്‍’.
തിരുനെല്ലിക്കാടു പൂത്തു, തിന തിന്നാൻ കിളിയിറങ്ങി
ഡെന്നിസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘ദിനരാത്രങ്ങൾ’. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷിബു ചക്രവർത്തി എഴുതി ഔസേപ്പച്ചൻ ഈണം പകർന്ന് എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്നാണ് ‘തിരുനെല്ലിക്കാടു പൂത്തു, തിന തിന്നാൻ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ തിരുകാവിൽ പോകാം ‘ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചത്. മമ്മൂട്ടി, സുമലത, മുകേഷ്, വിജയരാഘവൻ, പാർവ്വതി, സുകുമാരി, ജഗന്നാഥ വർമ്മ, സിദ്ദിഖ്, ഗണേഷ് കുമാർ, പ്രതാപചന്ദ്രൻ, കുഞ്ചൻ, രോഹിണി, കെ.പി.എ.സി. അസീസ്, മോഹൻ ജോസ്, ബൈജു, ബാബു നമ്പൂതിരി, ജഗന്നാഥൻ, ഫിലോമിന, ദേവൻ, കരമന, ശാന്താദേവി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
കാണാനഴകുള്ള മാണിക്യക്കുയിലേ
1988 ൽ റിലീസിനെത്തിയ ചിത്രമാണ് ‘ഊഴം’. ഹരികുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ ‘കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ,’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ജനപ്രീതി നേടിയ ഒന്നാണ്. എം കെ അർജുനൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച ഈ ഗാനം ആലപിച്ചത് ജി.വേണുഗോപാല്‍ ആണ്. മുകേഷ്, പാർവ്വതി, ദേവൻ, മധു, സുകുമാരി, ജഗതി, ഇന്നസെന്റ്, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
‘ജോൺസൺ സാറിന്റെ ഏറ്റവും നല്ല വർക്കുകളിൽ ഒന്നാണ് ‘കണ്ണീർപൂവിന്റ കവിളിൽ തലോടി’ എന്ന ഗാനം,’ എന്നാണ് പാർവ്വതി ഈ ഗാനത്തിനെ വിശേഷിപ്പിച്ചത്. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ‘കിരീടം’ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനത്തിലൂടെ കേരള സർക്കാറിന്റെ മികച്ച പിന്നണിഗായകനുള്ള ആ വർഷത്തെ പുരസ്കാരം എം ജി ശ്രീകുമാറും സ്വന്തമാക്കിയിരുന്നു. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാസ്റ്ററാണ് സംഗീതം നൽകിയത്.
Read more: എനിക്ക് എല്ലാം നഷ്ടപ്പെടുകയാണ്, നീയും എനിക്ക് നഷ്ടപ്പെടണം: ‘കിരീട’ത്തിലെ ദേവിയെ ഓര്‍ത്ത് പാര്‍വ്വതി
സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം
യേശുദാസും അരുന്ധതിയും ചേർന്ന് ആലപിച്ച ഈ ഗാനം 1989ൽ പുറത്തിറങ്ങിയ ‘ദേവദാസ്’ എന്ന ചിത്രത്തിലേതാണ്. പി ഭാസ്കരന്റെ വരികൾക്ക് കെ രാഘവൻ മാസ്റ്ററാണ് സംഗീതം നൽകിയത്. പാർവ്വതിയും വേണു നാഗവള്ളിയുമാണ് ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയത്. രമ്യ കൃഷ്ണ, മധു, നെടുമുടി വേണു, ബാലൻ കെ നായർ, ഗണേശ് കുമാർ, ബഹദൂർ, ജഗതി, കവിയൂർ പൊന്നമ്മ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
പാടുവാന്‍ മറന്നു പോയ്
1989 ൽ പുറത്തിറങ്ങിയ ‘അനഘ’എന്ന ചിത്രത്തിലെ ‘പാടുവാൻ മറന്നു പോയ്’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയതാണ്. ജോസഫ് ഒഴുകയില്‍ എഴുതിയ വരികൾ ആലപിച്ചത് കെ ജെ യേശുദാസ് ആണ്. ബാബു നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെടുമുടി വേണു, മുരളി, പാർവ്വതി, ക്യാപ്റ്റൻ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശ്യാമമേഘമേ നീ
‘അധിപൻ’ എന്ന ചിത്രത്തിലെ ‘ശ്യാമ മേഘമേ’ എന്നു തുടങ്ങുന്ന ഗാനം കെ എസ് ചിത്രയാണ് ആലപിച്ചത്. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്നു. കെ മധു സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, പാർവ്വതി, സുരേഷ് ഗോപി, ഉർവശി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.