തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടർന്ന് ദലിത് വിദ്യാര്‍ഥിനിയായ എസ്.അനിത (17) ജീവിനൊടുക്കിയത്. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്ക് അനിത നേടിയിരുന്നു. തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

98% മാര്‍ക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 700ല്‍ 86 മാര്‍ക്ക് മാത്രം. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം പൊലിഞ്ഞു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇതേ തുടര്‍ന്നാണ് അനിത വീട്ടില്‍ തൂങ്ങി മരിച്ചത്.

സംഭവത്തില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചിരുന്നു. സിനിമാക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, ജി.വി പ്രകാശ്, പാ രഞ്ജിത് എന്നിവര്‍ അനിതയുടെ ആത്മഹത്യയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നടന്‍ സൂര്യ നീറ്റിനെതിരെ ലേഖനവും എഴുതിയിരുന്നു. ഇതോടൊപ്പം ഇളയദളപതി വിജയ് അനിതയുടെ വീട് സന്ദർശിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഏറ്റവും രഹസ്യമായിട്ടായിരുന്നു താരത്തിന്റെ സന്ദര്‍ശനം. സമീപ വാസികളിലാരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഒരു മാസത്തിന് ശേഷം അന്ന് അനിതയുടെ സഹോദരന്‍ മണിരത്‌നവുമായി ബിഹൈന്റ് വുഡ്സ് ടിവി നടത്തിയ അഭിമുഖത്തില്‍ വിജയുടെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കി.

വിജയുടെ സന്ദര്‍ശനം ഞങ്ങളുടെ കുടുംബത്തിന് ഒരുപാട് ആശ്വാസം നല്‍കുന്നതായിരുന്നു. ‘എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണിക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചിലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം’ എന്ന് വിജയ് പറഞ്ഞതായി മണിരത്‌നം പറഞ്ഞു.


കടപ്പാട്: BehindwoodsTV

വിജയുടെ സഹോദരി വിദ്യ ചെറുപ്പത്തില്‍ മരിച്ചിരുന്നു. വിദ്യയുടെ മരണം വിജയ്‌യെ മാനസികമായി തകര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഏറെ വികൃതിയായിരുന്ന വിജയ് അതിനു ശേഷം സ്വയം ഉള്‍വലിയുന്ന പ്രകൃതക്കാരനായിയെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ