വിശ്വരൂപം 2 ഉടൻ വെളളിരത്തിയിലെത്തുമെന്ന് കമൽഹാസൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വരൂപം 2. എന്നാൽ ചില കാരണങ്ങളാൽ ചിത്രം വൈകുന്നെന്ന് സംസാരം വ്യാപകമാവുന്നതിനിടെയാണ് ഉലകനായകൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

“എല്ലാവരും വിശ്വരൂപം 2വിനായി കാത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തടസങ്ങൾ തീർക്കാൻ താൻ തന്നെ ഇടപ്പെടും. നിയമപരവും ടെക്‌നിക്കലുമായ തടസങ്ങളാണ് ഇനി തീർക്കാൻ ബാക്കിയുളളത്. ആറ് മാസത്തിനുളളിൽ ബാക്കിയുളള പരിപാടികൾ പൂർത്തിയാകുമെന്നും” കമൽഹാസൻ ട്വീറ്റിൽ കുറിച്ചു. സ്വാതന്ത്രദിനത്തോടടുപ്പിച്ചായിരിക്കും വിശ്വരൂപം 2 തിയറ്ററിലെത്തുകയെന്നാണ് കമലിന്റെ ട്വീറ്റ് നൽകുന്ന സൂചന.

ട്വിററിലൂടെയും ചിത്രങ്ങൾ ഡിജിറ്റലായി വരച്ച് നൽകിയും ആരാധകർ കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുന്നുമുണ്ട് കമൽഹാസൻ.

2013 ൽ പുറത്തിറങ്ങിയ കമൽ ചിത്രമാണ് വിശ്വരൂപം. ഇതിന്റെ തുടർച്ചയായെത്തുന്ന വിശ്വരൂപം 2 സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടന്ന് പറഞ്ഞ് വാർത്തകളുണ്ടായിരുന്നു.

കമൽഹാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും വിശ്വരൂപം 2വിനുണ്ട്. പൂജ കുമാർ, ആൻഡ്രിയ ജെറിമിയ, രാഹുൽ ബോസ്, ശേഖർ കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുമിച്ച് ചിത്രം റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ