ഫെയ്‌സ്ബുക്കിൽ സജീവമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് നല്ല കിടിലൻ മറുപടിയും നൽകാറുണ്ട്. ടൊവിനോയുടേതായി പുതിയ രണ്ട് ചിത്രങ്ങൾ അടുത്ത് പുറത്തിറങ്ങുന്നുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയും ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കൻ അപാരതയും. ആ ചിത്രങ്ങളുടെ പ്രമോഷൻ തകൃതിയായി നടക്കുമ്പോൾ ടൊവിനോ വീണ്ടും വാർത്തകളിൽ നിറയുന്നത് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്.
മകളുടെ മുടി മൊട്ടയടിച്ച പടമാണ് ടൊവിനോയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വന്തം അച്ഛൻ നായകനായി അഭിനയിക്കുന്ന പടങ്ങൾ ഒക്കെ സൂപ്പർ ഹിറ്റ് ആവാൻ വേളാങ്കണ്ണി പളളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ച കുഞ്ഞാവ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പോസ്റ്റിന് താഴെ ട്രോളന്മാർ വന്ന് ട്രോളുന്നതിന് മുൻപ് ടൊവിനോ തന്നെ സ്വയം ട്രോളുന്നുമുണ്ട്. ഫാമിലി സെന്റിമെന്റ്സ് കിട്ടാൻ വേണ്ടി ടൊവിനോ തോമസിന്റെ സൈക്കോളജിക്കൽ മൂവ് എന്നാണ് താരം തന്നെ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
വരാൻ സാധ്യതയുള്ള കമന്റ് മുൻകൂട്ടി കണ്ടിട്ടെന്ന വണ്ണം ദിലീപിനൊപ്പമുള്ള മകൾ മീനാക്ഷിയുടെ മൊട്ടയടിച്ച ചിത്രമിട്ട് ഇത് തപ്പി ഇനി ആരും എങ്ങോട്ടും പോണ്ട എന്നും ടൊവിനോ ട്രോളന്മാരോട് പറഞ്ഞിട്ടുണ്ട്.
ഒരു മെക്‌സിക്കൻ അപാരതയുടെയും ടീസർ, ട്രെയിലർ, പാട്ടിന്റെയും ലിങ്കും ഗോദയുടെ ടീസറിന്റെ ലിങ്കും ഇതോടൊപ്പം ടൊവിനോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.