കൊച്ചി: സിനിമ ടിക്കറ്റുകള്‍ക്ക് മേലെ ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ വിവിധ സിനിമ സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവയുടെ ഹര്‍ജികളാണ് തിങ്കളാഴ്ച കോടതി പരിഗണിക്കുക.
ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്നാണ് സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. ഈ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇരു സംഘടനകളും കോടതിയെ സമീപിച്ചിരിക്കുന്നത്.
Read More: വിനോദ നികുതി വര്‍ദ്ധന ഒഴിവാക്കല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും: മുഖ്യമന്ത്രി
വിനോദ നികുതി നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജിഎസ്ടിക്ക് പുറമെയുള്ള വിനോട നികുതി ഇരട്ട നികുതിയ്ക്ക് തുല്യമാണെന്നുമാണ് ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിലപാട്. ഇതിനെ ഒരു തരത്തിലും തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് നേരത്തേ തന്നെ ചേംബർ വ്യകക്തമാക്കിയിരുന്നു.
ചലച്ചിത്ര വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ തീരുമാനം തീർത്തും അപ്രായോഗികമാണെന്നായിരുന്നു ഫിയോക്കിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിയോക്ക് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനവും നൽകിയിരുന്നു.
Read More: ഇത് ഇരട്ടനികുതി; വിനോദ നികുതിക്കെതിരെ സിനിമാ സംഘടനകൾ ഒന്നടങ്കം രംഗത്ത്
തോമസ് ഐസക്കിന്റെ ബജറ്റിലെ നിര്‍ദ്ദേശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമ പ്രതിനിധികള്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ താരസംഘടനകളുടെ പ്രതിനിധികളായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും ഫെഫ്കയെ പ്രതിനിധീകരിച്ചുകൊണ്ട് ബി.ഉണ്ണികൃഷ്ണന്‍, രജപുത്ര രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.